രാജ്യത്തെ മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും ഉയരും

മുംബൈ: രാജ്യത്തെ മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും ഉയരുമെന്ന് സൂചന. ഈ രംഗത്ത് സേവനം നല്‍കുന്ന കമ്പനികളുടെ ദീര്‍ഘകാല നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് വിലയിരുത്തപ്പെടലിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഉയരുമെന്ന് കണക്കുകൂട്ടുന്നത്. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ഉയരാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് കമ്പനികളുടെ അവകാശവാദം.

എജിആര്‍ കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡഫോണ്‍ ഐഡിയ. സര്‍ക്കാര്‍ സഹായത്തോടെ കമ്പനിയെ ഇപ്പോള്‍ രക്ഷിച്ചെടുത്താലും ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറുമാസത്തിലധികം മുന്നോട്ട് പോകാനാകില്ലെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാന്‍ പ്രത്യേകനിധി തയ്യാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍നിന്ന് വായ്പയെടുത്ത് എ.ജി.ആര്‍. കുടിശ്ശിക തീര്‍ക്കാനാണ് ആലോചന. സ്‌പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതാണ് ചര്‍ച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്‍കിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News