തൃശ്ശൂർ: മരോട്ടിച്ചാലിൽ ചായക്കടയിൽ വെച്ച് 76 കാരന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ചത് ഐ ടെൽ എന്ന കമ്പനിയുടെ ഫോൺ. ബനിയൻ ധരിച്ചിരുന്നത് കൊണ്ടാണ് അപകടത്തിൽ 76കാരന് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വലിയ അപകടത്തിൽ നിന്നാണ് രക്ഷപെട്ടതെന്ന് 76 കാരനായ ഏലിയാസ് പ്രതികരിച്ചു.
ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് തീപടരുന്ന കണ്ട് വേഗത്തിൽ തല്ലിക്കെടുത്തിയെന്നാണ് ഏലിയാസ് പറഞ്ഞത്. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൊല്ലം മുമ്പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണാണെന്നും ഐ ടെൽ എന്നാണ് കമ്പനിയുടെ പേരെന്നും വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് വ്യക്തമാക്കി.
തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. ചായക്കടയിൽ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷർട്ടിൽ മുൻഭാഗത്ത് ഇടത് വശത്തെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടൻ തന്നെ തീ തല്ലിക്കെടുത്തിയതിനാൽ ഏലിയാസിന് അപായമൊന്നും ഉണ്ടായില്ല.
മൂന്നാഴ്ച മുമ്പ് തൃശ്ശൂർ പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീ അപകടത്തില്‍ മരിച്ചിരുന്നു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു. രാത്രി മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെ അപകടം നടക്കുകയായിരുന്നു. സമാനമായ മറ്റൊരു അപകടത്തിൽ കോഴിക്കോട് ജില്ലയില്‍ റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാന് പരിക്കേറ്റിരുന്നു. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.