കൊൽക്കത്ത: മൊബൈല്‍ ഗെയിമിങ് ആപ്ലിക്കേഷൻ തട്ടിപ്പ് കേസിൽ പശ്ചിമബംഗാളില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപ പിടിച്ചെടുത്തു. കൊല്‍ക്കത്തയില്‍ ആറിടങ്ങളിലായാണ് ഇഡി റെയ്ഡ് നടത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ അമിർ ഖാന്‍ എന്ന വ്യവസായിയുടെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പണം നല്‍കി ഉപയോഗിക്കാവുന്ന ഇ -നഗ്ഗറ്റ്സ് എന്ന പേരില്‍ ഗെയിം ആപ്പ് പുറത്തിറക്കിയാണ് പണം തട്ടിയതെന്നാണ് ഇഡി കണ്ടത്തല്‍. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി അറിയിച്ചു.
ഫെഡറൽ ബാങ്ക് അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാർക്ക് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു. പൊതുജനങ്ങളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ആപ് രൂപകൽപ്പന ചെയ്തതെന്ന് ഏജൻസി പറഞ്ഞു. തുടക്കത്തിൽ ഉപയോക്താക്കൾക്ക് കമ്മീഷൻ നൽകുകയും വാലറ്റിലെ ബാലൻസ് തടസ്സമില്ലാതെ പിൻവലിക്കുകയും ചെയ്യാൻ അവസരം നൽകിയതിലൂടെ വിശ്വാസം നേടിയെടുത്തു. തുടർന്ന് ഉപഭോക്താക്കൾ കൂടുതൽ പണം നിക്ഷേപിച്ചു. പൊതുജനങ്ങളിൽ നിന്ന് നല്ല തുക ശേഖരിച്ച ശേഷം, പെട്ടെന്ന്, പിൻവലിക്കാനുള്ള സൗകര്യം നിർത്തി. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് പണം പിൻവലിക്കാനുള്ള സൗകര്യം നിർത്തിയത്. തുടർന്നാണ് പരാതി ഉയർന്നത്.
രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാൻ ആർബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായി, ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാൻ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്.
ലോൺ നൽകുമ്പോൾ ബാങ്കുകൾക്കും ഇടപാടുകാരുമിടയിൽ ഇടനില നിൽക്കാൻ മാത്രമാണ് ലോൺ ആപ്പുകൾക്ക് അനുമതിയുള്ളത്. ഇങ്ങനെ നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. സ്വന്തം നിലയ്ക്ക് പണം നൽകുന്ന ആപ്പുകളെ നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.ആപ്പുകൾ മറയാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. ഇഡി അടക്കം കേന്ദ്ര ഏജൻസികൾ ആപ്പുകൾക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നും ധനകാര്യമന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. ധനകാര്യമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തുടർ നടപടികൾ ചർച്ച ചെയ്തത്.
സർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ‍്ഡ് നടത്തിയിരുന്നു. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി ആയിരുന്നു നടപടി. ചൈനീസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ‍്ഡുകളിൽ പിടിച്ചെടുത്തതായി ഫെഡറൽ അന്വേഷണ ഏജൻസി പിന്നീട് വ്യക്തമാക്കി.
ഓൺലൈൻ ആയി വായ്പ നൽകി പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിലും ഉപദ്രവിക്കുന്നതിലും പങ്കാളികളായ നിരവധി സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവർക്കെതിരെ ബെംഗളൂരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഭിച്ച 18 എഫ്‌ഐആറുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണമാക്കിയാണ് ഇഡി അന്വേഷണം നടത്തുന്നത്.