മുംബൈ:കഴിഞ്ഞ നവംബറിലാണ് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ നിരക്ക് 25 ശതമാനംവരെ വര്‍ദ്ധിപ്പിച്ചത്. ജിയോ ആരംഭിച്ച ഈ നിരക്ക് വര്‍ദ്ധനവ് തുടര്‍ന്ന് എയര്‍ടെല്ലും, വോഡഫോണ്‍ ഐഡിയയും പിന്തുടരുകയായിരുന്നു. രാജ്യത്തെ മൊബൈല്‍ വരിക്കാര്‍ക്ക് വീണ്ടും ഒരു ബാധ്യതയായ നിരക്ക് വര്‍ദ്ധനയ്ക്ക് പിന്നാലെ ഈ വര്‍ഷത്തിലും ഒരു നിരക്ക് വര്‍ദ്ധന പ്രതീക്ഷിക്കാം എന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഈ സൂചന ആദ്യം തന്നിരിക്കുന്നത് ഭാരതി എയർടെല്ലിന്റെ മാനേജിങ് ഡയറക്ടർ ഗോപാൽ വിറ്റലാണ്. ‘2020 ല്‍ അടുത്ത 3-4 മാസത്തില്‍ ഒരു താരീഫ് വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നില്ല. കാരണം ഇപ്പോള്‍ നടത്തിയ വര്‍ദ്ധനവിന് ശേഷം മാര്‍ക്കറ്റിലെ വളര്‍ച്ച തിരിച്ചുവരണം. എന്നാല്‍ അടുത്തഘട്ടം നിരക്ക് വര്‍ദ്ധനവ് അതിന് ശേഷം പ്രതീക്ഷിക്കുന്നുണ്ട്. ഇത് വിപണിയിലെ മത്സരം വര്‍ദ്ധിപ്പിക്കും. ഇത്തരം ഒരുഘട്ടത്തില്‍ എയര്‍ടെല്‍ മടിച്ചുനില്‍ക്കില്ല’. വിറ്റല്‍ പറയുന്നു.
അടുത്ത ഏതാനും വർഷങ്ങളിൽ ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) 300 രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വിറ്റൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ ഈ വർഷവും മൊബൈൽ സേവന നിരക്കുകൾ ഉയർത്തിയേക്കുമെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറും ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. ഏകദേശം ഒരു മാസത്തെ 4ജി സേവനങ്ങൾക്കായി കമ്പനി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 99 രൂപ ഉപഭോക്താക്കൾ വലിയ തുകയാകില്ലെന്നാണ് വി മേധാവി പറയുന്നത്.
നവംബറിലെ വർധനയ്ക്ക് മുൻപ് അവസാനം നിരക്ക് കൂട്ടിയത് ഏകദേശം 2 വർഷം മുൻപായിരുന്നു. ഇനി അടുത്ത വർധനയ്ക്ക് രണ്ടു വർഷം കാത്തിരിക്കാനാവില്ലെന്നാണ് വി വ്യക്താമാക്കുന്നത്. നിരക്ക് വർധിപ്പിച്ചതോടെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. വി വരിക്കാരുടെ എണ്ണം മുൻവർഷത്തെ 26.98 കോടിയിൽ നിന്ന് 24.72 കോടിയായി കുറഞ്ഞിട്ടുണ്ട്.