തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് കൂടുതല്‍ ഫലപ്രദമാക്കാന്‍ മൊബൈല്‍ ആപ് ഒരുങ്ങുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷനാണ് രോഗബാധിത പ്രദേശത്തുനിന്ന് തിരികെ എത്തുന്നവര്‍ക്കും ടൂറിസ്റ്റുകള്‍ക്കുമായി മൊബൈല്‍ ആപ് തയ്യാറാക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ആപ് പ്രവര്‍ത്തനക്ഷമമാകുമെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ പറഞ്ഞു.
കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കൂടുതല്‍ സങ്കീര്‍ണമാകും. മൊബൈല്‍ ആപ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും രോഗബാധിത പ്രദേശത്തുനിന്ന് എത്തുന്നവര്‍ക്കും എളുപ്പത്തില്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യാനാകും.
കൊറോണ വൈറസ് സംബന്ധമായ അവശ്യവിവരങ്ങള്‍, വൈറസ് പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ എന്നിവ ആപ്പിലുണ്ടാകും. ഏതാനും ക്ളിക്കുകളിലൂടെ ആളുകള്‍ക്ക് തങ്ങളുടെ യാത്രാവിവരം, രോഗബാധിത പ്രദേശങ്ങളില്‍ പോയ സമയം, വൈറസ് ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടോ തുടങ്ങിയവ രേഖപ്പെടുത്താം. മഹാപ്രളയ സമയത്തും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി സ്റ്റാര്‍ട്ട്പ് മിഷന്‍ ഇത്തരം ഒരു ആപ്ളിക്കേഷന്‍ വികസിപ്പിച്ചിരുന്നു.
കൂടുതല്‍ രാജ്യങ്ങളിലേക്ക് കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് ആളുകള്‍ തിരികെയെത്താന്‍ സാധ്യതയുണ്ട്. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ഇതിനായി കൂടുതല്‍ ആളുകളെ നിയോഗിക്കും. 12 രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെ പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.