കൊച്ചി: വിശ്വാസികള്‍ക്ക് ആരാധാനായലങ്ങളില്‍ എത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്തകര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കി കടവന്ത്ര സെന്റ് ജോസഫ്സ് ഇടവക. നിലവില്‍ വളരെക്കുറച്ചു പേര്‍ക്കു മാത്രമേ ദേവാലയ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാവുന്നുള്ളൂ. ഞായറാഴ്ച ഒരു സമയം 40 പേര്‍ക്കും മറ്റു ദിവസങ്ങളില്‍ 20 പേര്‍ക്കുമാണ് അവസരം. മൊബൈല്‍ ആപ്പും ഗൂഗിള്‍ മീറ്റും സജ്ജമാക്കിയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. കുര്‍ബാനയ്ക്ക് ഓരോ ദിവസവും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ekmdiocese എന്ന മൊബൈല്‍ ആപ്പ് വഴി സീറ്റുകള്‍, വാഹന പാര്‍ക്കിംഗ് എന്നിവ ബുക്ക് ചെയ്യാം. ഇടവകാംഗങ്ങളുടെ ജന്മദിനം, വിവാഹ വാര്‍ഷികം, മറ്റ് അറിയിപ്പുകള്‍ എന്നിവയും ഈ ആപ്പില്‍ ലഭിക്കും
എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്റര്‍നെറ്റ് മിഷന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വിവരങ്ങള്‍ പൂര്‍ത്തീകരിച്ച് എല്ലാ കുടുംബങ്ങള്‍ക്കും യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കി. . ആഴ്ചയില്‍ ഏതു ദിവസവും കുര്‍ബാനക്ക് സീറ്റ്, വാഹന പാര്‍ക്കിങ് എന്നിവ മൊബൈല്‍ ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. മാര്‍ച്ച് മാസം മുതല്‍ തുടര്‍ച്ചയായി പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുന്നുമുണ്ട്.
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ കൊന്തനമസ്‌കാരം ഇടവകാംഗങ്ങള്‍ എല്ലാവരും പങ്കെടുക്കുന്ന പരിപാടിയാണ്. എന്നാല്‍ ഇക്കുറി പ്രായോഗിക തടസ്സം നേരിട്ടു. ഒക്ടോബര്‍ 1 മുതല്‍ 10 വരെ പള്ളിയില്‍ 20 പേരെ വീതം പങ്കെടുപ്പിച്ചുകൊണ്ട് കൊന്തനമസ്‌കാരം നടത്തി. 21 മുതല്‍ 30 വരെ തീയതികളില്‍ 17 കുടുംബയൂണിറ്റ് ഗ്രൂപ്പുകളായി രാത്രി 7 മണിക്ക് ഗൂഗിള്‍ മീറ്റ് പ്രാര്‍ത്ഥനാ കൂട്ടായ്മ നടക്കുന്നത്. എല്ലാ കുടുംബങ്ങളും ഇതില്‍ പങ്കെടുക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഫാമിലി യൂണിയന്‍ കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
എല്ലാ ഗ്രൂപ്പ് പ്രാര്‍ത്ഥനകളിലും ഇടവകയിലെ വൈദികരായ ഫാ. ബെന്നി ജോണ്‍ മാരാംപറമ്പിലും ഫാ. ദീപു പ്ലാത്തോട്ടത്തിലും പങ്കെടുക്കും. വേദപാഠ ക്ലാസുകള്‍, ധ്യാനം, ആദ്യ കുര്‍ബാന സ്വീകരണ ക്ലാസ്സുകള്‍ എന്നിവയെല്ലാം ഇക്കുറി ഓണ്‍ലൈന്‍ ആയിട്ടാണ് നടക്കുന്നത്. ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദികരോടൊപ്പം കൈക്കാരന്മാരായ ഷാജി ആനാന്തുരുത്തി, ജോസഫ് തൈപ്പോടത്ത്, കുടുംബയൂണിറ്റ് കേന്ദ്ര സമിതി വൈസ് ചെയര്‍മാന്‍ ചവരപ്പന്‍ പാട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
കൊവിഡ് കാലത്ത് ഇടവക അതിര്‍ത്തിയിലെ ജാതിമത ഭേദമന്യേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും സാമ്പത്തിക സഹായവും സെന്റ് ജോസഫ് ഇടവക നല്‍കിയിരുന്നു. മാസ്‌ക് അടക്കമുളള പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിച്ചും പച്ചക്കറി കൃഷി നടത്തിയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് കാലത്ത് ഇടവക ജനങ്ങള്‍ കൈക്കൊണ്ടത്.