ഗുരുഗ്രാം∙ രണ്ട് ദിവസമായി സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ നൂഹിൽ ചൊവ്വാഴ്ച വൈകിട്ടും അക്രമം. ഭക്ഷണശാലകളും കടകളും തീവച്ചു നശിപ്പിച്ചു. മതപരമായ മുദ്രാവാക്യം മുഴക്കിയാണ് അക്രമികൾ എത്തിയത്. വിവിധ വാഹനങ്ങളിൽ എത്തിയ ഇരുനൂറോളം വരുന്ന സംഘം പെട്രോൾ ഉപയോഗിച്ചാണ് കടകൾ തീവച്ചു നശിപ്പിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം ആരംഭിച്ചത്. ഇതുവരെ 4 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ അക്രമം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റർ അകലെയാണ് ഇന്ന് തീവയ്പ്പുണ്ടായത്.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിച്ചത്. ഗുരുഗ്രാം അൽവാർ ദേശീയപാതയിൽ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതാണു സംഘർഷത്തിന്റെ തുടക്കം. നിരവധി കാറുകൾ അക്രമികൾ കത്തിച്ചു. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ബജ്റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ട്.
ഇന്നലെ അർധരാത്രിയിൽ ഗുരുഗ്രാമിലെ മുസ്‍ലിം പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരു പുരോഹിതൻ ഉൾപ്പെടെ രണ്ടു പേർ വെടിയേറ്റു മരിച്ചു. മരിച്ച മറ്റു രണ്ട് പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്.