പാലക്കാട്∙ ജാമ്യത്തിലിറങ്ങിയ പ്രതിക്കു പകരം എൺപതുകാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഭാരതി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത്. ആളുമാറിയാണ് പൊലീസിന്റെ അറസ്റ്റെന്ന് ഒടുവിൽ വ്യക്തമായി.
1998ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാൽ എന്നയാളുടെ വീട്ടിൽ ജോലിചെയ്തിരുന്ന ഭാരതി എന്നയാൾ അതിക്രമം കാണിച്ചു എന്നു പറഞ്ഞ് പൊലീസിൽ ഒരു പരാതി എത്തി. എന്നാൽ കേസിലെ യഥാർഥ പ്രതിയായ ഭാരതി, 80 വയസ്സുള്ള ഭാരതിയുടെ മേൽവിലാസം കൊടുത്ത് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പൊലീസ് ഇതേകുറിച്ച് കൂടുതൽ അന്വേഷിച്ചില്ല. തുടർന്ന് ഇപ്പോൾ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ഭാരതിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.
താനല്ല തെറ്റുകാരിയെന്ന് തെളിയിക്കുന്നതിനായി നാലുവർഷം നിരപരാധിയായ ഈ ഭാരതി കോടതി വരാന്തകൾ കയറി ഇറങ്ങുകയായിരുന്നു. ഇവരല്ല തന്റെ വീട്ടിൽ അതിക്രമം നടത്തിയതെന്നു പരാതിക്കാരൻ തന്നെ ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുകയാണ്.
ആ ഭാരതി ഇതല്ലെന്നു പരാതിക്കാരൻ തന്നെ കോടതിയിൽ വ്യക്തമാക്കി. പലതവണ ഇക്കാര്യം പൊലീസിനോട് അറിയിച്ചിരുന്നെങ്കിലും അവർ ഇതൊന്നും ചെവിക്കൊണ്ടില്ലെന്നാണ് ഭാരതിയും കുടുംബവും വ്യക്തമാക്കുന്നത്.
‘‘കേസ് എന്താണെന്നു പോലും എനിക്ക് അറിവുണ്ടായിരുന്നില്ല. വക്കീലിന്റെ അടുത്തു വന്നപ്പോഴാണ് വീട്ടുപണിക്കു പോയ കേസാണെന്നു പോലും അറിഞ്ഞത്. പലതവണ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കുറ്റക്കാരിയല്ലെന്നു തെളിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു.’’– ഭാരതി പറഞ്ഞു.
അതേസമയം വർഷങ്ങളോളം ഈ കേസിന്റെ പിറകെ നടന്ന രാജഗോപാലൻ തനിക്ക് ഇനി പരാതിയില്ലെന്നും കോടതിയെ അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഭാരതി അമ്മയുടെ അഭിഭാഷകനും വ്യക്തമാക്കി.