തൃശൂർ : ഇരിങ്ങാലക്കുട മുരിയാട് ധ്യാനേകേന്ദ്രത്തിലെ ആൾക്കൂട്ട മർദ്ദന കേസിൽ പതിനൊന്ന് സ്ത്രീകളെ റിമാന്റ് ചെയ്തു. ചാലക്കുടി കോടതിയാണ് 11 സ്ത്രീകളെ റിമാൻഡ് ചെയ്തത്. എംപറർ ഇമ്മാനുവൽ സഭയുടെ വിശ്വാസികളാണ് റിമാന്റിലായ സ്ത്രീകൾ.
സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സ്ത്രീകളുടെ സംഘം മർദിച്ചിരുന്നു. ആൾക്കൂട്ട മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് അറസ്റ്റ്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കാറിൽ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തിൽ ഷാജി, മകൻ സാജൻ, ഭാര്യ ആഷ്ലിൻ, ബന്ധുക്കളായ എഡ്വിൻ, അൻവിൻ തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം.
സാജൻ എംബറർ ഇമ്മാനുവൽ സഭയിൽ നിന്ന് പുറത്തുപോന്ന ശേഷം അവിടത്തെ ഒരു സത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഒരുകൂട്ടം സ്ത്രീകൾ കാറിൽ സഞ്ചരിച്ചിരുന്ന സാജനെ തടഞ്ഞത്. അതേസമയം ആളൂർ പൊലീസ് ഈ കേസ് പരിശോധിച്ചുവരികയാണ്. അതിനിടെയാണ് കൂട്ടയടി നടന്നത്. ഇരു വിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.