കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ കല്യാൺ ബാനർജി എംപിക്കു നേരെയും ആക്രമണം.
സ്വന്തം മണ്ഡലത്തിലെ ചണ്ഡിതലയിൽ വച്ച് കല്യാൺ ബാനർജിയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസുകാർ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അടിയേറ്റയുടൻ അദ്ദേഹം തലയിൽ കൈവെച്ച് റോഡിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും ബിജെപിയാണ് പിന്നിലെന്നും കല്യാൺ ബാനർജി പറഞ്ഞു. ബിജെപി ഇതിനോട് പ്രതികരിച്ചിട്ടില്ല.
തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് കല്യാൺ ബാനർജിയും അദ്ദേഹത്തിന്റെ അനുയായികളും ഇന്ന് രാവിലെ ചണ്ഡിതലയിൽ എത്തിയത്. ശ്രീരാംപുർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ചണ്ഡിതല വരുന്നത്. 2009 മുതൽ നാല് തവണ ഈ സീറ്റിൽ വിജയിച്ച വ്യക്തിയാണ് ബാനർജി.
ഒരു ട്രക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ കല്യാൺ ബാനർജിയുടെ പിന്നിൽ നിന്ന് എന്തോ ഒന്ന് തലയിൽ വന്ന് ഇടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ അദ്ദേഹം തലയിൽ പിടിച്ചുകൊണ്ട് നിലത്തേക്ക് കുഴഞ്ഞുവീണു. സിആർപിഎഫ് ഉദ്യോഗസ്ഥരാണ് കല്യാൺ ബാനർജിെയ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ ഇരയായ പാർട്ടി പ്രവർത്തകരെ കാണാൻ സൗത്ത് പർഗാനാസിലെ സോണാർപുർ സന്ദർശിക്കുന്നതിനിടെയാണ് അഭിഷേക് ബാനർജിക്കും സമാനമായ രീതിയിൽ ജനക്കൂട്ടത്തിന്റെ ആക്രമണം നേരിടേണ്ടി വന്നത്.


