കൊച്ചി: ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പര്‍ധ വളര്‍ത്താനും കേരളത്തെ വിവിധ ചേരികളാക്കി മാറ്റാനും ബി.ജെ.പി. സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവര്‍ത്തനമാണ് കേരള സ്റ്റോറിയെന്ന് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി.യും സംഘപരിവാറും കേരളത്തില്‍ വര്‍ഗീയ വിഷം തുപ്പാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ കേരളജനത ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്നും റിയാസ് പറഞ്ഞു.
ഐക്യകേരളം രൂപംകൊണ്ടതിനുശേഷം ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ കേരളത്തിലേക്ക് വന്ന വര്‍ഷമാണ് 2022. ഇവിടത്തെ ജനങ്ങളുടെ ആതിഥേയ മര്യാദയും മതസൗഹാര്‍ദപരവും മതനിരപേക്ഷവുമായ അന്തരീക്ഷവുമാണ് ഇതിനു കാരണം. അങ്ങനെയുള്ള കേരളത്തിനെതിരേ അസംബന്ധം പ്രചരിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമത്തെ പരസ്യമായി പിന്തുണച്ചിരിക്കുകയാണ് കെ. സുരേന്ദ്രനെന്ന് റിയാസ് പറഞ്ഞു.
ഒരു കോടി എണ്‍പെത്തെട്ടു ലക്ഷം പേരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 2022-ല്‍ കേരളത്തിലേക്ക് വന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടൂറിസം വളരുന്നത് നിലവില്‍ കേരളത്തിലാണ്. ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്തിരിക്കുന്നത് കേരളമാണ്. ഇന്ത്യയില്‍ ഒരേയൊരിടം മാത്രമാണ് പട്ടികയിലുണ്ടായിരുന്നത്.
യു.പി.യില്‍നിന്നും ഗുജറാത്തില്‍നിന്നുമടക്കം കേരളത്തിലേക്ക് ജനങ്ങള്‍ വരാന്‍ കാരണം ഇവിടത്തെ പ്രകൃതിരമണീയവും ചരിത്രപ്രസിദ്ധവുമായ സ്ഥലങ്ങള്‍ കൊണ്ടുമാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ ആതിഥേയ മര്യാദയും ഇവിടത്തെ മതസൗഹാര്‍ദപരവും മതനിരപേക്ഷവുമായ അന്തരീക്ഷവുമാണ്. അങ്ങനെയുള്ള കേരളത്തിനെതിരേ അസംബന്ധം പ്രചരിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമത്തെ പരസ്യമായി പിന്തുണച്ചിരിക്കുകയാണ് കെ. സുരേന്ദ്രനെന്നും റിയാസ് പറഞ്ഞു.
സിനിമയെ സിനിമയായി കണ്ടാല്‍ പോരെയെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിയാല്‍ എവിടെയും സിനിമ നടത്തുമെന്നും കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദ കേരള സ്‌റ്റോറി മേയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. ഇതിനെതിരേ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികളിൽനിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.