KeralaNews

‘വീട്ടിലെ ഏറ്റവും ധൈര്യമുള്ള കൊച്ചായിരുന്നു, ഒരുദിവസം കൊണ്ട് അവൻ എന്റെ കുഞ്ഞിനെ കൊന്നു’നീതി ആവശ്യപ്പെട്ട് കുടുംബം

കോട്ടയം: മുന്‍ സുഹൃത്തിന്റെ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കടുത്തുരുത്തിയില്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത വി.എം. ആതിര(26)യുടെ കുടുംബമാണ് യുവതിയുടെ മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരനെ ഉടന്‍ പിടികൂടണമെന്നും ശക്തമായനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നത്.

ഞായറാഴ്ചവരെ ആതിര ഏറെ സന്തോഷവതിയായിരുന്നു. അരുണിന്റെ സ്വഭാവം കാരണവും മറ്റുവിവരങ്ങള്‍ അറിഞ്ഞതിനാലുമാണ് അയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറിയത്. അരുണുമായുള്ള ബന്ധം വേണ്ടെന്ന് തീരുമാനിച്ചത് ആതിര തന്നെയാണെന്നും അച്ഛന്‍ മുരളി പറഞ്ഞു.

”അയാളുടെ സ്വഭാവം കാരണം അവള്‍ തന്നെയാണ് ബന്ധം വേണ്ടെന്ന് തീരുമാനിച്ചത്. പിന്നെ അയാള്‍ കുറേ ശല്യംചെയ്തു. കൂടുതലൊന്നും ഞങ്ങളോട് പറയാറില്ലായിരുന്നു. അവസാനം വേറൊരു കല്യാണം ശരിയായി. അവള്‍ക്കും ഞങ്ങള്‍ക്കും അത് ഇഷ്ടമായി. അതോടെയാണ് അയാള്‍ പ്രശ്‌നങ്ങളുമായി വന്നത്. ഒരുദിവസം കൊണ്ട് അവന്‍ എന്റെ കുഞ്ഞിനെ കൊന്നു”, ആതിരയുടെ അച്ഛന്‍ മുരളി വിതുമ്പി.

”വീട്ടിലെ ഏറ്റവും ധൈര്യമുള്ള കൊച്ചായിരുന്നു അവള്‍. ഞായറാഴ്ച രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അന്ന് രാത്രി എന്തോ സംഭവിച്ചിട്ടുണ്ട്. അവനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞതോടെയാണ് ബന്ധം വേണ്ടെന്ന് വെച്ചത്. ഒരുവര്‍ഷമായിട്ട് ശല്യമൊന്നും ഉണ്ടായിരുന്നില്ല. പുതിയ വിവാഹാലോചന വന്നപ്പോള്‍ ഞങ്ങള്‍ക്കും അവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വന്ന് കണ്ടുപോയപ്പോള്‍ മകളും വളരെ സന്തോഷത്തിലായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.

എന്നാല്‍ ഇവിടെനടക്കുന്ന കാര്യങ്ങള്‍ അയാള്‍ എങ്ങനെ അറിഞ്ഞു എന്നറിയില്ല. ഞങ്ങള്‍ അവിടെ കാണാന്‍ പോകാനിരിക്കുന്ന സമയത്താണിത്. അവര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ ഈ വിവരം അവരോട് പറഞ്ഞു. ഇങ്ങനെയൊരു സംഭവമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, എന്റെ കൊച്ചിനെ അവന്‍ കൊന്നു”, അദ്ദേഹം പറഞ്ഞു.

അരുണ്‍ വിദ്യാധരന്‍ മയക്കുമരുന്നിന് അടിമയാണെന്നും അടിപിടി സംഭവങ്ങളിലടക്കം ഉള്‍പ്പെട്ടയാളാണെന്നുമായിരുന്നു ആതിരയുടെ ബന്ധുവായ സുരേഷിന്റെ ആരോപണം. അരുണിന്റെ കുടുംബത്തെ നേരത്തെ അറിയാം. പ്ലസ്ടു കഴിഞ്ഞത് മുതല്‍ അയാള്‍ മയക്കുമരുന്നിന് അടിമയാണ്. ബാറില്‍ അടിപിടിയുണ്ടാക്കിയ സംഭവം ഉള്‍പ്പെടെയുണ്ട്.

മാത്രമല്ല, സ്വന്തം അച്ഛന്റെയും അദ്ദേഹത്തിന്റെ അനുജന്റെയും പല്ല് അടിച്ചുകൊഴിച്ചയാളാണ്. നേരത്തെ അയാള്‍ വീട്ടില്‍നിന്ന് മാറിനിന്നിരുന്ന വ്യക്തിയാണെന്നും സുരേഷ് ആരോപിച്ചു. ആതിരയും അയാളും ഒരുമിച്ച് പഠിച്ചവരായിരുന്നു. അങ്ങനെയാണ് ആതിര അയാളുമായി ബന്ധത്തിലായതെന്നും അദ്ദേഹം പറഞ്ഞു.

കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വി.എം.ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര കടുംകൈ ചെയ്തത്.

അരുണിന്റെ സൈബര്‍ ആക്രമണത്തിനെതിരേ ഞായറാഴ്ച രാത്രി യുവതി കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയ ശേഷവും ഇയാള്‍ സൈബര്‍ ആക്രമണം തുടര്‍ന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു.

ആതിരക്കെതിരേ നടന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണമാണെന്നായിരുന്നു സഹോദരീഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആശിഷ് ദാസിന്റെ പ്രതികരണം. ആതിരയും അരുണ്‍ വിദ്യാധരനും നേരത്തെ അടുപ്പത്തിലായിരുന്നു. ഒരുവര്‍ഷം മുന്‍പ് ഇരുവരും ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ അടുത്തിടെ ആതിരയ്ക്ക് മറ്റുവിവാഹാലോചനകള്‍ വന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും ഇതിനുപിന്നാലെയാണ് ഭീഷണിയും സൈബര്‍ ആക്രമണവും ആരംഭിച്ചതെന്നും ആശിഷ് ദാസ് പറഞ്ഞിരുന്നു.

”അയാള്‍ അവളോട് മോശമായി പെരുമാറാന്‍ തുടങ്ങിയതോടെയാണ് ബന്ധം ഉപേക്ഷിച്ചത്. മോശമായപെരുമാറ്റം തുടര്‍ന്നതോടെ ഈ ബന്ധം ശരിയാകില്ലെന്ന് പറഞ്ഞ് അവള്‍ പിന്മാറി. അന്ന് അവനും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. അവനും ഖത്തറില്‍ ജോലിചെയ്യുന്ന ആളുമായി വേറെ കല്യാണമൊക്കെ ഉറപ്പിച്ചുവെച്ചിരുന്നു. എന്നാല്‍ ആതിരയ്ക്ക് വേറെ കല്യാണാലോചനകള്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങി. ഇടയ്ക്ക് അമ്മയെയും സഹോദരിയെയും വിളിച്ച് കല്യാണം നടത്തിക്കൊടുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ, രണ്ടുപേരും വേണ്ടെന്ന് വെച്ചതാണ്, അത് നടക്കില്ലെന്ന് പറഞ്ഞു. അത് അങ്ങനെ തീരുമെന്ന് കരുതി.

എന്നാല്‍ പിന്നെ ഭീഷണിയായി. വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ ആതിരയും സ്ട്രോങ്ങായി സംസാരിച്ചു. ഒന്നുംചെയ്യാന്‍ പറ്റില്ല, നമ്മള്‍ നമ്മുടെ വഴിക്ക് നീങ്ങുകയാണെന്ന് പറഞ്ഞു. അതിനിടെ ഒരു പെണ്ണുകാണലുണ്ടായിരുന്നു. അതോടെ അവന് പ്രകോപനമായി. അവന്‍ എല്ലാം ആസൂത്രിതമായി ചെയ്തതാണ്. ഇവിടെനിന്നാല്‍ ശരിയാകില്ലെന്ന് അവനറിയാം. അവന്‍ എവിടെയോ ഒളിവില്‍പോയി അവിടെയിരുന്നാണ് ഇത് മൊത്തം ചെയ്തത്. അവന്‍ ആദ്യം ഇടുന്ന പോസ്റ്റ് തന്നെ ‘നാളെ ഞാന്‍ അകത്തായേക്കാം’ എന്നതായിരുന്നു. പിന്നീട് എന്തെങ്കിലും സംഭവിച്ചാല്‍ ഇയാളായിരിക്കും ഉത്തരവാദി എന്നുപറഞ്ഞ് എന്റെ ഫോട്ടോ സഹിതം പോസ്റ്റിട്ടു. ആതിരയുടെ ചേട്ടനാണ്, എല്ലാം ഇയാളുടെ കളികളാണ് എന്നൊക്കെ പറഞ്ഞാണ് പോസ്റ്റിട്ടത്. പിന്നീട് ആതിരയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പഴയ ഫോട്ടോകളെല്ലാം പോസ്റ്റ് ചെയ്തു.

സാധാരണ ഫോട്ടോയല്ലേ, കുഴപ്പമില്ലെന്നാണ് നമ്മള്‍ വിചാരിച്ചത്. വിളിച്ചുപറഞ്ഞിട്ടും കാര്യമില്ലല്ലോ. അങ്ങനെ സ്റ്റേഷനില്‍ പോയി പരാതി നല്‍കി. അക്കാര്യം അവന്‍ അറിഞ്ഞു. അതോടെ വീണ്ടും ഭയങ്കരമായി സൈബര്‍ ആക്രമണം തുടര്‍ന്നു. അന്ന് രാത്രി അവള്‍ എന്നെ വിളിച്ചിരുന്നു. ഭയങ്കരമായി കരഞ്ഞുകൊണ്ടാണ് വിളിച്ചത്. ചേട്ടന്റെ പേരും കൂടി ഇതിലേക്ക് വലിച്ചിഴച്ചു എന്നൊക്കെ വിഷമം പറഞ്ഞു. സാരമില്ലെന്നും ഇതെല്ലാം ഇതിനകത്തുള്ളതാണെന്നും ഞാന്‍ പറഞ്ഞു. ഒരുത്തന്‍ ഫെയ്സ്ബുക്കിനകത്ത് എന്തെങ്കിലും ആരോപണമിട്ടെന്ന് വിചാരിച്ചിട്ടെന്താ, ചോദിക്കാനും പറയാനുമൊക്കെ ആളുണ്ടെന്ന് അറിഞ്ഞോട്ടെ. അതൊന്നും വിഷമിക്കേണ്ട, എല്ലാരും കൂടെയുണ്ട് എന്നും പറഞ്ഞു.

എന്നാല്‍, ആ പോസ്റ്റ് പിന്‍വലിക്കണമെന്ന് പറയാനായി അവള്‍ രാത്രിയില്‍ അവനെ വിളിച്ചതായാണ് തോന്നുന്നത്. രാത്രിയില്‍ എന്തുസംഭവിച്ചുവെന്ന് അറിയില്ല. അതിനിടെ, അവള്‍ എനിക്ക് മെസേജ് അയച്ചിരുന്നു. ചേട്ടാ അയാളെ വിളിച്ച് സംസാരിക്കുമോ എന്ന് ചോദിച്ചായിരുന്നു മെസേജ്. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതുകൊണ്ട് ആ മെസേജ് ഞാന്‍ കണ്ടില്ല. അവള്‍ പിന്നെ രാവിലെ എഴുന്നേറ്റ് ആറരയോടെയാണ് മുറിയില്‍നിന്ന് പുറത്തേക്ക് വന്നത്. എല്ലാരുമായി സംസാരിച്ചശേഷം ഒന്നുകൂടെ കിടക്കട്ടെയെന്ന് പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി. പിന്നീട് എന്റെ ഭാര്യ നോക്കുമ്പോളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്”, ആശിഷ് ദാസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതിയായ കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരനായി തിരച്ചില്‍ തുടരുകയാണെന്ന് കടുത്തുരുത്തി എസ്.എച്ച്.ഒ. പ്രതികരിച്ചു. ഞായറാഴ്ച രാത്രിയാണ് യുവതി പരാതി നല്‍കിയത്. അന്നുതന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാവിലെ യുവതി ജീവനൊടുക്കി. പ്രതിയായ അരുണ്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ സംസ്ഥാനം വിട്ടെന്നാണ് സംശയം.സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്.എച്ച്.ഒ. പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker