ഇടുക്കി: ഇടുക്കി എം.പിയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് മുന്‍മന്ത്രി എം.എം. മണി എം.എല്‍.എയും എം.പി ആയിരുന്നപ്പോൾ ഒന്നും ചെയ്യാതിരിന്നതുകൊണ്ടാണ് ഡീനിനെതിരെ അങ്ങനെ പറഞ്ഞതെന്നും കടുത്ത ഭാഷയായിപോയെന്നേ ഉള്ളൂവെന്നും മണി വ്യക്തമാക്കി. ഇടുക്കിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എംപി എന്ന നിലയിൽ ഇവിടെ എന്തങ്കിലും ചെയ്തത് ജോയ്സ് ജോർജും എം.എം. ലോറൻസും മാത്രമാണെന്ന് മണി പറഞ്ഞു. ബാക്കി പി.ജെ. കുര്യൻ അടക്കമുള്ളവർ പോയി ചെയ്തത് എന്താണെന്ന് അറിയാമല്ലോ? കോൺഗ്രസിൽനിന്ന് ആരെല്ലാം പോയെന്നും തരി ഇല അനങ്ങുന്ന എന്തെങ്കിലും ഇവിടെ ചെയ്തോയെന്നും മണി ചോദിച്ചു. ഡീന്‍ കുര്യാക്കോസിനെതിരായ പദപ്രയോഗം ശരിയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘അതൊന്നും വല്ല്യ കുഴപ്പമൊന്നുമില്ല’ എന്നായിരുന്നു മണിയാശാന്റെ മറുപടി.
ഡീന്‍ കുര്യാക്കോസിനും മുന്‍ എം.പി. പി.ജെ. കുര്യനുമെതിരെ കഴിഞ്ഞദിവമാണ് എം.എം. മണി വ്യക്തിഅധിക്ഷേപ പരാമര്‍ശം നടത്തിയത്. ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും പി.ജെ. കുര്യന്‍ പെണ്ണുപിടിയനാണെന്നുമായിരുന്നു എം.എം. മണിയുടെ പരാമര്‍ശം.
എം.എം. മണിയുടെ വിവാദ പരാമർശം:
ഹോ, പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വെച്ചിട്ടുണ്ട് ഇപ്പോ, ഡീന്‍. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, അതല്ലേ. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനുവേണ്ടി? പാര്‍ലമെന്റില്‍ ശബ്ദിച്ചോ, പ്രസംഗിച്ചോ? എന്തുചെയ്തു, ചുമ്മാതെ വന്നിരിക്കുകയാ പൗഡര്‍ പൂശി. ബ്യൂട്ടി പാര്‍ലറില്‍ കയറി വെള്ളപൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നിക്കാതെ, ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാതെ, വര്‍ത്തമാനം പറയാതെ, ഷണ്ഡന്‍, അല്ലേ?
കഴിഞ്ഞകുറി വോട്ടുചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിയും വന്നിരിക്കുകയാ, ഞാനിപ്പോ ഉണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞ്. നന്നായി ഒലത്തിക്കോളും. നന്നാക്കും ഇപ്പോ. അതുകൊണ്ടുണ്ടല്ലോ, കെട്ടിവെച്ച കാശുകൊടുക്കാന്‍ പാടില്ല, നീതിബോധം ഉള്ളവരാണേല്‍.
അതിനുമുമ്പുണ്ട്, പി.ജെ. കുര്യന്‍. കുര്യന് വേറെ പണിയായിരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസാണുണ്ടായത്? എല്ലാം നമ്മള്‍ മറന്നോ?