31.1 C
Kottayam
Tuesday, May 14, 2024

സർവ റെക്കോർഡുകളും ഭേദിച്ച് സ്വർണവില;റെക്കോഡ് കുതിപ്പിന് കാരണങ്ങളിങ്ങനെ

Must read

കൊച്ചി:ഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണ്ണ വില റെക്കാഡ് നിലവാരത്തിലെത്തിയിരിക്കുന്നു. സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്

മാര്‍ച്ച് ആദ്യ വാരത്തില്‍ ലണ്ടന്‍ എക്സേഞ്ചില്‍ സ്വര്‍ണ്ണ വില ഔണ്‍സിന് 2195 ഡോളര്‍ എന്ന സര്‍വകാല റിക്കാര്‍ഡിലെത്തിയിരുന്നു. ഇപ്പോഴിതാ 2,200 ഡോളര്‍ പിന്നിട്ടിരിക്കുന്നു. ഈ വര്‍ഷം ഇതുവരെ വിലയില്‍ ആറ് ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിക്കു പിന്നാലെ ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണ വില 10 ഗ്രാമിന് 66,778 രൂപയായി കുതിച്ചുയര്‍ന്നു.

ഈ വര്‍ഷം യുഎസില്‍ പലിശ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷ വില വര്‍ധനയെ സഹായിച്ചിട്ടുണ്ട്. ദുര്‍ബലമായ ആഗോള സാമ്പത്തിക കണക്കുകള്‍, വര്‍ധിക്കുന്ന അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കേന്ദ്ര ബാങ്കിന്റെ വന്‍തോതിലുള്ള വാങ്ങലുകള്‍ എന്നീ ഘടകങ്ങളും സ്വര്‍ണ്ണ വിലയെ സ്വാധീനിച്ചു.

ഈയിടെ പുറത്തുവന്ന യുഎസ് സാമ്പത്തിക കണക്കുകളും ഫെഡ് അധികാരികളുടെ അഭിപ്രായ പ്രകടനങ്ങളും ജൂണോടെ യുഎസ് പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയും സ്വര്‍ണ വിപണിയില്‍ കുതിപ്പിനുള്ള കളമൊരുക്കി. വിലക്കയറ്റം ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയുമോ എന്നുറ്റു നോക്കുകയാണ് കേന്ദ്ര ബാങ്ക്.

പലിശ നിരക്ക് താഴ്ന്നാല്‍ ഡോളറുമായി ബന്ധപ്പെട്ട ആസ്തികളുടെ നേട്ടം കുറയുക സ്വാഭാവികം. യുഎസ് ഡോളറിന്റെ മൂല്യവും കുറയും. ആഗോള തലത്തില്‍ സ്വര്‍ണ്ണ വില ഡോളറില്‍ കണക്കാക്കുന്നതിനാല്‍, ദുര്‍ബലമായ ഡോളര്‍ മറ്റു കറന്‍സികള്‍ കൈവശമുള്ള നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാവും. ഇത് സ്വര്‍ണ്ണത്തിന്റെ ഡിമാന്റും വിലയും വര്‍ധിക്കാന്‍ ഇടയാക്കും.

കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ലോക സമ്പദ് വ്യവസ്ഥ കൂടുതല്‍ ദുര്‍ബലമാകുമെന്ന കാഴ്ചപ്പാടും വിലയില്‍ കുത്തനെയുള്ള കുതിപ്പിനു കാരണമായിട്ടുണ്ട്. ഈ വര്‍ഷം യുഎസ് സാമ്പത്തിക വളര്‍ച്ച ഗുണകരമാവുമെങ്കിലും ജര്‍മ്മനി, ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിപരീത വളര്‍ച്ച പണപ്പെരുപ്പത്തിനെതിരെയുള്ള പ്രതിരോധം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിക്കും.

നിലവിലുള്ള ആഗോള രാഷ്ട്രീയ അസ്തിരതകള്‍ക്കിടയില്‍ പ്രതിരോധ ആസ്തിയെന്ന നിലയില്‍ സ്വര്‍ണ്ണം സംരക്ഷണം നല്‍കുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്. ഇസ്രായേലും ഹമാസും തമ്മിലും റഷ്യയും യുക്രെയിനും തമ്മിലും നടക്കുന്ന യുദ്ധം, യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നിവയെല്ലാം നിക്ഷേപകുടെ മനസിലുണ്ട്.

ഈയിടെയായി കേന്ദ്ര ബാങ്കുകളാണ് സ്വര്‍ണ്ണത്തിന്റെ പ്രധാന ഡിമാന്റുകാര്‍. വേള്‍ ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് 2010 നുശേഷം റെക്കോഡു നിലവാരത്തിലാണ് കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം 1000 ടണ്ണിലേറെ സ്വര്‍ണ്ണമാണ് കേന്ദ്ര ബാങ്കുകള്‍ വാങ്ങിയത്. 2024ലും ഇതേ പ്രവണത തുടരുമെന്നാണ് കരുതുന്നത്. വികസ്വര വിപണികളില്‍ നിന്നുള്ള കേന്ദ്ര ബാങ്കുകളാണ് ഇതിലേറെയും വാങ്ങുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ഥിരമായി സ്വര്‍ണ്ണം വാങ്ങുന്നുണ്ട് ഈ ബാങ്കുകള്‍.

വിദേശ വിപണികള്‍ക്കു പിന്നാലെ ആഭ്യന്തര സ്വര്‍ണ്ണ വിലയും റെക്കോഡ് നിലവാരത്തിലേക്കുയര്‍ന്നു. മുംബൈ ഉത്പന്ന വിപണിയില്‍ സ്വര്‍ണ്ണ വില മാര്‍ച്ച് ആദ്യ വാരം 10 ഗ്രാമിന് 66,356 രൂപയായി. കഴിഞ്ഞ 12 മാസത്തിനിടെ 18 ശതമാനമാണ് വില വര്‍ധിച്ചത്. വിലയിലെ ഈ കുതിപ്പ് സ്വര്‍ണ്ണം വാങ്ങുന്നതു നീട്ടി വെയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കും. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയേയും ഇതു ബാധിച്ചേക്കും.

ഭാവിയില്‍, വിലയില്‍ പെട്ടെന്നൊരു തിരുത്തലിനു സാധ്യതയുണ്ട്. എന്നാല്‍ ആരോഗ്യകരമായ അടിസ്ഥാന ഘടകങ്ങള്‍ വില പിടിച്ചു നിര്‍ത്തും. യുഎസ് ഡോളറിന്റെ വിലയിടിവ്, പലിശ നിരക്കു കുറയ്ക്കുന്നതു സംബന്ധിച്ച പ്രതീക്ഷകള്‍, വര്‍ധിക്കുന്ന ആഗോള സംഘര്‍ഷങ്ങള്‍, ആഗോള സാമ്പത്തിക വളര്‍ച്ചയെച്ചൊല്ലിയുള്ള ആശങ്കകള്‍, കേന്ദ്ര ബാങ്കുകളുടെ വന്‍ തോതിലുള്ള വാങ്ങലുകള്‍ എന്നീ ഘടകങ്ങള്‍ സ്വര്‍ണ്ണത്തെ പിന്തുണയ്ക്കും. ആഗോള ഇക്വിറ്റികളുടെ കരുത്തും ഫെഡ് പലിശ നയത്തിലെ മാറ്റങ്ങളും പിന്നീട് വില താഴോട്ടു വരാനിടയാക്കിയേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week