താലിബാനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മുസ്ലിം ലീഗിനെ ഇങ്ങനെ ദുര്‍ബലപ്പെടുത്താമോ; എം.കെ മുനീര്‍

കോഴിക്കോട്: ഹരിത വിവാദത്തില്‍ മുസ്ലിം ലീഗിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി എം.കെ. മുനീര്‍. പ്രശ്നം യുക്തിപരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) ഇന്ന് നില്‍ക്കേണ്ടത് ജയരാജന്റെ വീട്ടില്‍ അല്ലെ? ജയരാജന്റെയോ ജി. സുധാകരന്റെയോ വീട്ടില്‍ നിങ്ങള്‍ പോയിട്ടില്ലല്ലോ. നിങ്ങള്‍ എന്തിനാണ് ഈ മുസ്ലിം ലീഗിന്റെ തലയില്‍ തന്നെ കയറിക്കൊണ്ടിരിക്കുന്നത്?,’ മുനീര്‍ ചോദിച്ചു.

താലിബാന്‍ കാലഘട്ടത്തില്‍ അത്തരം നടപടികള്‍ ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘താലിബാനെയൊക്കെ ചെറുത്തുതോല്‍പിക്കാന്‍ വേണ്ടി നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തെ നിങ്ങള്‍ ഇതുപോലെ ദുര്‍ബലപ്പെടുത്തുന്നത് ശരിയാണോ?’ എന്നായിരുന്നു മുനീര്‍ ചോദിച്ചത്. താലിബാന്‍ അധികാരത്തില്‍ വന്ന സമയത്ത് തന്നെ സ്ത്രീകളോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് മോശമല്ലേ എന്ന ചോദ്യത്തിന് തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നായിരുന്നു മുനീറിന്റെ മറുപടി. ‘എന്റെ ഫേസ്ബുക്ക് പോസ്റ്റ് എങ്ങനെയാണെന്ന് നിങ്ങള്‍ നോക്കൂ. സ്ത്രീകളോട് പുലര്‍ത്തേണ്ട മാന്യതയെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്.’ മുനീര്‍ പറഞ്ഞു.

അതേസമയം എം.എസ്.എഫ് നേതൃത്വം ഹരിത നേതാക്കളെ കുറിച്ച് പ്രയോഗിച്ച ഭാഷയോട് യോജിപ്പില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് അവരോട് വിശദീകരണം തേടിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ അതിന് മേല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം ഉന്നയിച്ചതിനാണ് ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഹരിതയ്ക്ക് പിന്തുണയര്‍പ്പിച്ച് എം.എസ്.എഫിന്റെ 12 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് വന്നു.

സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. ലീഗിന്റെ നടപടിയ്ക്കെതിരെ പാര്‍ട്ടിക്കുള്ളിലും എം.എസ്.എഫിലും പ്രതിഷേധം ശക്തമാണ്. പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. പി.കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്.

ഇതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് തീരുമാനിച്ചത്. അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. .എസ്.എഫ് ഹരിത നേതാക്കളുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിന് സെക്ഷന്‍ 354(എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പി.കെ. നവാസിന്റെ വിശദീകരണം.

‘പാര്‍ട്ടിക്കും പാണക്കാട് തങ്ങള്‍മാര്‍ക്കും അപമാനമുണ്ടാക്കുന്ന ഒരു വാചകവും നോട്ടവും എന്നില്‍ നിന്നുണ്ടായിട്ടില്ല. തെറ്റ് പറ്റിയാല്‍ തെറ്റ് പറ്റിയെന്ന് അംഗീകരിക്കും. എനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. എം എസ്.എഫുകാര്‍ ഫേസ്ബുക്കിലെ ഫാന്‍സ് അസോസിയേഷന്‍ ആകരുത്,’ നവാസ് പറഞ്ഞു. സംഘടനയ്ക്കകത്തെ സംഘങ്ങളിലല്ല സംഘടനയിലാണ് അംഗങ്ങളാകേണ്ടത്. സമാന്തര സംഘങ്ങളില്‍ അംഗമാകാതിരിക്കുന്നതാണ് തന്റെ രാഷ്ട്രീയ ബോധമെന്നും പി.കെ. നവാസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News