ഓസ്ട്രേലിയ-ശ്രീലങ്ക പരമ്പരയിലെ മൂന്നാം ടി-20 മത്സരത്തില്‍ ഓസീസിന്റെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ ഒരു നോ ബോളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ 18ാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച നോ ബോള്‍ പിറന്നത്.
ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഷനഗയ്ക്കെതിരെ ഒരു സ്ലോ ബോള്‍ എറിയാനുള്ള ശ്രമത്തിനിടെ അക്ഷരാര്‍ത്ഥത്തില്‍ സംഭവം ‘കയ്യീന്ന് പോവുകയായിരുന്നു’. സ്റ്റാര്‍ക്കിന്റെ കയ്യില്‍ നിന്നും വഴുതിയ ബോള്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന് പോലും കിട്ടാത്ത രീതിയില്‍ ഉയര്‍ന്നു പോങ്ങി ബൗണ്ടറി കടക്കുകയായിരുന്നു.
മൂന്ന് മീറ്ററോളം ഉയര്‍ന്നുപൊങ്ങിയ പന്ത് മാത്യു വേഡ് തന്നാലാവുന്ന രീതിയില്‍ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ബൗണ്ടറിയും നോ ബോളുമടക്കം അഞ്ച് റണ്‍സാണ് ശ്രീലങ്കയ്ക്ക് ഇതുവഴി ലഭിച്ചത്. തനിക്ക് പോലും കിട്ടാതെ പന്ത് ബൗണ്ടറി കടക്കുന്നതു കണ്ട വേഡ്, സ്റ്റാര്‍ക്കിനെയും പന്തിനെയും മാറി മാറി നോക്കുന്ന കാഴ്ചയും ആളുകളില്‍ ചിരിയുണര്‍ത്തിയിരുന്നു.
എന്നാലും അവസാന ചിരി കങ്കാരുക്കള്‍ക്ക് തന്നെയായിരുന്നു. മൂന്നാം ടി-20യില്‍ ആറ് വിക്കറ്റിന്റെ അനായാസ ജയമായിരുന്നു ഓസീസ് നേടിയത്. ലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം ആറു വിക്കറ്റും 19 പന്തും ബാക്കി നില്‍ക്കെ ഓസീസ് മറികടക്കുകയായിരുന്നു.
ഇതോടെ 3-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കാനും ഓസീസിനായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം ഫെബ്രുവരി 18നാണ്. നാണക്കേടൊഴുവാക്കാന്‍ പരമ്പരിയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ശ്രീലങ്കയ്ക്ക് ജയം അനിവാര്യമാണ്.