സോഷ്യല്‍ മീഡിയയകളില്‍ വ്യാജ പ്രൊഫൈലുകള്‍ വര്‍ധിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തില്‍ സജീവമായിരിക്കുകയാണ്. കുഞ്ഞുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ടിക് ടോക് പോലുള്ള വിഡിയോ ആപ്പുകളിലെ പെണ്‍കുട്ടികളുടെ പെര്‍ഫോമന്‍സില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകളും ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്. ഇടപാടുകള്‍ നടത്തുന്നത് വ്യാജ ഐഡികള്‍ വഴിയാണ്.
ഇത്തരം സംഭവങ്ങള്‍ ഓരോ ദിവസം ചെല്ലുംതോറും വര്‍ധിച്ചുവരികയാണ്. ഒരേ പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് നിരവധി അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജ പ്രൊഫൈലുകളില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ചിലരുടെ ഫോട്ടോകള്‍ പോണ്‍ വെബ്‌സൈറ്റിലെ പ്രൊഫൈല്‍ ഇമേജുകളായും ഉപയോഗിക്കുന്നുണ്ട്.
പാര്‍ക്കില്‍ നിന്നോ ഷോപ്പിങ് മാളുകളില്‍ നിന്നോ പകര്‍ത്തിയ വീട്ടമ്മമാരുടെ ചിത്രം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ബാല പീഡനവുമായി ബന്ധപ്പെട്ടുള്ള അശ്ലീല വെബ്‌സൈറ്റുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നെടുത്ത ദശലക്ഷക്കണക്കിന് ഫോട്ടോകളാണ് പീഡോഫില്‍ ഇമേജ്‌ഷെയറിങ് വെബ്‌സൈറ്റുകളില്‍ അപ്ലോഡുചെയ്യുന്നത്.
വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. അറിയാത്ത ഐഡികളില്‍ നിന്നുള്ള റിക്വസ്റ്റുകള്‍ അക്‌സപ്റ്റ് ചെയ്യരുത്.