കട്ടപ്പന: കട്ടപ്പന നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു യുവാവ് മരിച്ചതില്‍ ദുരൂഹത തുടരുന്നു. ലബ്ബക്കട പുളിക്കല്‍ ജോസിന്റെ മകന്‍ ജോബിന്‍ (21) ആണ് മരിച്ചത്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായിട്ടാണ് ഇവിടെ എത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനു നല്‍കിയ മൊഴി. കെട്ടിടത്തിനു മുകളില്‍നിന്നു ജോബിന്‍ കാല്‍വഴുതി താഴേക്കു വീഴുകയായിരുന്നെന്നും മൊഴിയിലുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി.
ജോബിന്‍ മദ്യപിക്കില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്നു ഒപ്പമുമുണ്ടായിരുന്ന സംഘത്തിലെ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്. അപകടം നടന്നതാണെങ്കില്‍ വിവരം ഉടനെ മറ്റുള്ളവരെ അറിയിക്കാത്തതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവം നടന്നതു തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണെങ്കിലും രാത്രി വളരെ വൈകിയാണ് വിവരം പുറത്തറിഞ്ഞത്. കട്ടപ്പന ടൗണില്‍ പുളിയന്‍മല റൂട്ടില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നുമാണ് ജോബിന്‍ താഴെവീണത്. ജോബിന്‍ അടങ്ങുന്ന എട്ടംഗ സംഘം വൈകുന്നേരമാണ് കെട്ടിടത്തിനുള്ളില്‍ കയറിയത്. കൂടെയുള്ളയാള്‍ കാല്‍ വഴുതി വീണു മരിച്ചതാണെങ്കില്‍ ആ വിവരം പുറത്തുപറയുന്നതില്‍ വൈകിയത് എന്താണെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. താഴെ വീണതു കൂടെയുള്ളവര്‍ അറിയാതെ പോയതാണോയെന്നതും പരിശോധിക്കും.
ജോബിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവ സ്ഥലത്ത് കട്ടപ്പന ഡിവൈഎസ്പി അടക്കമുള്ളവരെത്തി പരിശോധന നടത്തി. പണയംവച്ചിരുന്ന ബൈക്ക് തിരികെ എടുക്കുവാനാണ് ജോബിന്‍ കട്ടപ്പനയ്ക്കു പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അപകടമുണ്ടാകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുവരെ ജോബിന്‍ ലബ്ബക്കടയിലുണ്ടായിരുന്നു.
അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സംഘത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളും ഉള്‍പ്പെട്ടിരുന്നതായും ജോബിന്റെ പിതൃസഹോദരന്‍ ആരോപിച്ചു. ബൈക്ക് പണയം വച്ചതുമായി ബന്ധപ്പെട്ടു ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
യുവാവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ജോബിന്റെ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതിനാനാല്‍ പ്രതികളടക്കം കൊവിഡ് നിരീക്ഷണത്തിലുമാണ്. മാതാവ്: ലില്ലി. സഹോദരന്‍: രഞ്ജിത്.