ഭാര്യ പ്രസവമുറിയില്‍, മദ്യപിക്കാന്‍ പോയ ഭര്‍ത്താവ് മകനെ ബാറില്‍ വെച്ച് മറന്നു! അന്വേഷിച്ച് കണ്ടെത്തി പോലീസ്

ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയില്‍ കയറ്റിയതിന് പിന്നാലെ, മദ്യപിക്കാന്‍ പോയ ഭര്‍ത്താവ് മകനെ ബാറിന് മുന്നില്‍ വെച്ച് മറന്നു. ചെങ്ങന്നൂരിലാണ് സംഭവം. അസമില്‍ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ ബാറിന് മുന്നില്‍ മറന്നു വെച്ചത്. ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ആക്കിയ ശേഷം മദ്യപിക്കാനായി ബാറിലേക്ക് പോയ ഭര്‍ത്താവ് മകനെ ഒപ്പം കൂട്ടുകയായിരുന്നു.

ബാറില്‍ കയറി മദ്യപിച്ച ശേഷം മകന്‍ ഒപ്പമുള്ള കാര്യം ഇയാള്‍ മറന്നു പോയി. ഭര്‍ത്താവിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന മകനെ കാണാനില്ലെന്ന് മനസിലാക്കിയതോടെ യുവതി വിവരം ആശുപത്രി അധികൃതരോട് പറഞ്ഞു. തുടര്‍ന്ന്, ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു.

ഡിവൈഎസ്പി ഡോ. ആര്‍.ജോസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാര്‍ക്കറ്റില്‍ അലഞ്ഞ് തിരിഞ്ഞ കുട്ടിയെ പൊലീസ് കണ്ടെത്തി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി മാതാവിനെ തിരികെ ഏല്‍പ്പിച്ച പോലീസിനെ, അഭിനന്ദന പ്രവാഹം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News