KeralaNewsNews

കായംകുളം പാസഞ്ചറിന് വേണ്ടി പ്രതിഷേധം കടുപ്പിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്

അജാസ് വടക്കേടം

കൊച്ചി:കടുത്ത യാത്രാക്ലേശം അനുഭവിക്കുന്ന ആലപ്പുഴക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഏപ്രിൽ 13 ന് എറണാകുളം ജംഗ്ഷനിൽ റെയിൽ യാത്രക്കാർ ഒന്നടങ്കം സംഘടിക്കുന്നു. പ്രതിഷേധ സംഗമം രാവിലെ 09.00 ന് ബഹുമാനപ്പെട്ട എം. പി ശ്രീ. ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വഴി ഓഫീസ് സമയം പാലിക്കുന്ന ഒരു അൺ റിസേർവ്ഡ് ട്രെയിൻ എങ്കിലും അനുവദിക്കുന്നത് വരെ കേരളത്തിൽ ഉടനീളം തുടർസമരങ്ങളുമായി മുന്നോട്ട് വരുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിട്ടും ഓഫീസ് സമയം പാലിക്കുന്ന ഒരു ട്രെയിൻ പോലും ആലപ്പുഴ ജില്ലയ്ക്ക് ലഭിച്ചിട്ടില്ല. കൃത്യമായ ഗതാഗത സംവിധാനം ഇല്ലാതെ പലരുടെയും ജോലി നഷ്ടപ്പെട്ടു. നിത്യവൃത്തിയ്ക്ക് എറണാകുളം ജില്ലയെ ആശ്രയിക്കുന്ന സാധാരണക്കാരായ നിരവധിയാളുകളുടെ അന്നം മുടക്കുകയാണ് റെയിൽവേ ഇതുവഴി ചെയ്തത്.

റെയിൽവേ ഒഴികഴിവായി ചൂണ്ടിക്കാണിക്കുന്ന ജനശതാബ്ദിയിൽ സൂപ്പർ ഫാസ്റ്റ് നിരക്കും റിസർവേഷൻ ചാർജുകളും നൽകി യാത്ര ചെയ്യാനുള്ള സാമ്പത്തിക സുരക്ഷിതത്വമുള്ളവരല്ല ഏറിയ പങ്കും. രാവിലെ അനുവദിച്ച മെമുവിൽ യാത്രക്കാരുടെ എണ്ണം പോലും പരിഗണിക്കാതെ സ്റ്റോപ്പുകൾ വെട്ടികുറച്ചതും ആലപ്പുഴയോടുള്ള വിവേചനമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. വയലാർ, തിരുവിഴ, കലവൂർ സ്റ്റേഷനുകൾ പുനസ്ഥാപിക്കാത്തതും കടുത്ത അമർഷത്തിന് ഇടയാക്കുന്നു.

വൈകുന്നേരം ആറുമണിക്കുള്ള കായംകുളം പാസഞ്ചർ ആവശ്യപ്പെട്ട് ഒരു ജില്ല മുഴുവൻ കേണിട്ടും ജനങ്ങളെ പൊട്ടൻ കളിപ്പിക്കുയാണ് റെയിൽവേ. ആലപ്പുഴ വഴി രാത്രിയിൽ ഉണ്ടായിരുന്ന എറണാകുളം -കൊല്ലം മെമുവും അനിശ്ചിതാവസ്ഥയിലാണ്. സ്ത്രീയാത്രക്കാർ സിംഹഭാഗവും ജോലി ഉപേക്ഷിച്ചു.

ജന ജീവിതം ഒന്നിനൊന്നു ദുസ്സഹമാകുകയാണ്. പെട്രോൾ ഡീസൽ , ഗ്യാസ്, ദൈനം ദിന ചെലവുകൾ എല്ലാം വർദ്ദിച്ചു വരികയാണ്. സാധാരണക്കാരന് കൈത്താങ്ങേണ്ട പൊതുഗതാഗത സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയുകയാണ്. മെമു, പാസഞ്ചർ സർവീസുകൾ റദ്ദാക്കിയതിനാൽ ഇരുചക്ര വാഹനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഓഫീസ് സമയം പാലിക്കാൻ കിലോമീറ്ററുകൾ പാഞ്ഞെത്തി പാതി വഴിയിൽ ജീവൻ പൊലിഞ്ഞവരിൽ ഞങ്ങളുടെ സഹയാത്രികരും ഉണ്ട്. ശേഷിക്കുന്ന ഭൂരിപക്ഷം കോവിഡ് അനന്തര രോഗങ്ങളിൽ നിന്നും പൂർണ്ണമായും മുക്തരായിട്ടില്ല. രാവിലെയും വൈകുന്നേരവും ബസിന് പിറകെ ഓടിയും കിലോമീറ്ററുകൾ വാഹനങ്ങൾ ഓടിച്ചും ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. മെമു ട്രെയിനുകൾക്ക് എക്സ്പ്രസ്സ്‌ നിരക്കുകൾ ആണ് റെയിൽവേ ഈടാക്കുന്നത്. സാധാരണക്കാരന്റെ മടിക്കുത്ത് പിടിച്ചു പറിച്ച് കരം പിരിച്ച പഴയ ബ്രിട്ടീഷ് അജണ്ടയാണ് റെയിൽവേ നടപ്പാക്കുന്നത്.

കോവിഡ് കാരണം പകുതിയിലേറെ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു, കച്ചവടരംഗം പച്ചപ്പിടിച്ചിട്ടില്ല, 2020 ന് ശേഷം ശമ്പളവർദ്ധനവ് ഇല്ലെന്ന് മാത്രമല്ല, ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച സാധാരണക്കാരന്റെ ആത്മഹത്യയ്ക്ക് സർക്കാരും ഓരോ ജനപ്രതിനിധികളും ഉത്തരവാദികളാണ്.

കോവിഡിന്റെ പേരിൽ യാത്രക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും റെയിൽവേ റദ്ദാക്കി. സാധാരണക്കാരന്റെ ആശ്രയമായിരുന്ന പാസഞ്ചറുകൾ ഓർമ്മയായിട്ട് രണ്ടു വർഷം കഴിഞ്ഞു. സർവീസുകൾ ആരംഭിക്കാതിരിക്കാൻ തടസ്സങ്ങൾ ഒന്നും റെയിൽവേയ്ക്ക് അവകാശപ്പെടാനില്ല. എക്സ്പ്രസ്സ്‌ ട്രെയിനുകൾ എല്ലാം സ്പെഷ്യൽ പരിഗണന ഒഴിവാക്കിയപ്പോൾ മെമു അതേ പേരിൽ ഓട്ടം തുടരുന്നത് സാധാരണക്കാരന്റെ കഞ്ഞിയിൽ കയ്യിട്ട് വാരാൻ ആണെന്നത് വ്യക്തമാണ്.

സ്ഥിരയാത്രക്കാരായ നിരവധിയാളുകൾക്ക് ആശ്വാസമായിരുന്ന ഹാൾട്ട് സ്റ്റേഷൻ ഇനിയും പരിഗണിക്കാത്തതിലും റെയിൽവേ ലക്ഷ്യമാക്കുന്നത് ലാഭം മാത്രമാണെന്ന് വ്യക്തമാണ്.

ഏറെ ജനകീയമായിരുന്നു പണ്ട് ഇന്ത്യൻ റെയിൽവേ. ഇന്ന് ജനപ്രതിനിധികൾ പോലും നോക്കുകുത്തികളായി മാറുന്നത് തികച്ചും ഖേദകരമാണ്. ജനങ്ങളെ പൂർണ്ണമായും റെയിൽവേ കൈവിട്ടിരിക്കുന്നു. ലാഭത്തിൽ മാത്രമാണ് ഇപ്പോൾ റെയിൽവേയുടെ കണ്ണ്. മിച്ചം പിടിക്കാൻ ബാക്കിയില്ലാത്ത സാധാരണക്കാരനെ പിടിച്ചു പറിക്കുന്ന റെയിൽവേ നയങ്ങൾക്ക് എതിരെ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചു ശക്തമായ പ്രതിഷേധമാണ് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 13 ന് മംഗലാപുരം മുതൽ കന്യാകുമാരി വരെ യാത്രക്കാരുടെ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം, ഫേസ് ബുക്ക് മുഖചിത്രം വഴിയും സ്റ്റാറ്റസ് വഴിയും പ്രതിഷേധം ജനങ്ങളിലേയ്ക്ക് എത്തിക്കും. അന്നേ ദിവസം എല്ലാ സ്റ്റേഷനുകളിലും യാത്രക്കാർ സംഘടിക്കുകയും പരാതി ബുക്കിൽ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker