കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. രാജ്ഭവനിലെ ചുമതലയില്‍നിന്ന് ടൂറിസം വകുപ്പിലേക്കാണ് മാറ്റം. ബിജെപിയുടെ അതൃപ്തിയ്ക്ക് പാത്രമായ ഐഎഎസ് ഉദ്യോഗസ്ഥയാണ് നന്ദിനി ചക്രവര്‍ത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഗവര്‍ണര്‍ ആനന്ദബോസ് നല്ല സൗഹൃദം നിലനിര്‍ത്തുന്നതിലുള്ള അതൃപ്തി ബിജെപി നേരത്തെതന്നെ പരസ്യമാക്കിയിരുന്നു. സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിലടക്കം മമതയെ ആനന്ദബോസ് പുകഴ്ത്തി സംസാരിച്ചത് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ അതൃപ്തി വര്‍ധിപ്പിച്ചിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥയായ നന്ദിനി ചക്രവര്‍ത്തിയാണ് പലകാര്യങ്ങളിലും ആനന്ദബോസിനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അജണ്ട രാജ്ഭവനില്‍ നടപ്പാക്കുന്നതും അവരാണെന്ന് ബിജെപി ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് ബിജെപി നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദത്തിന് ആനന്ദബോസിന് വഴങ്ങേണ്ടിവന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ ആനന്ദബോസുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. നന്ദിനി ചക്രവര്‍ത്തിയെ രാജ്ഭവനില്‍നിന്ന് മാറ്റണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍. തൊട്ടുപിന്നാലെയാണ് അവരെ ടൂറിസം വകുപ്പിലേക്ക് മാറ്റിയിട്ടുള്ളത്.