വീണ്ടും ദുരഭിമാനക്കൊല; യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണിയെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

ലക്‌നൗ: യു.പിയില്‍ ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പിതാവും മുതിര്‍ന്ന സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് കാര്യം പെണ്‍കുട്ടി വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് കൊലനടത്തിയത്.

കഴിഞ്ഞ ദിവസമാണ് ഗുല്‍ഹാപുര്‍ ജില്ലയില്‍ തല അറുത്ത് മാറ്റിയ നിലയില്‍ 14കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തിയത്. ആദ്യം പെണ്‍കുട്ടിയുടെ കാമുകനെയാണ് പോലീസ് സംശയിച്ചത്.

പിന്നീട് അന്വേഷണം പെണ്‍കുട്ടിയുടെ കുടുംബത്തിലേക്ക് നീളുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയതിന് ശേഷം തല മുറിച്ച് മാറ്റി സമീപത്തെ കനാലില്‍ കൊണ്ടുവന്ന് മൃതദേഹം തള്ളിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News