കൊച്ചി:സംശയങ്ങൾക്കൊന്നും വഴികൊടുക്കാതെ എല്ലാവർക്കും ഒരൊറ്റ അഭിപ്രായമുള്ളത് ‘മിന്നൽ മുരളി’യിലെ വില്ലനെ കുറിച്ചാണ്. ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം. സാധാരണ രീതിയിൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ വെറുപ്പ് തോന്നിപ്പിക്കുന്നതും, തെറ്റുകൾ മാത്രം പറയുകയും പ്രവർത്തിക്കുകയും നായകനെ എപ്പോൾ കണ്ടാലും ഇടിച്ചു പപ്പടമാക്കി ഹീറോയിസം കാണിക്കുന്ന ആജാനുബാഹുവായ ഒരു വില്ലൻ അല്ല മിന്നൽ മുരളിയിലെ ഷിബു. സിനിമയിൽ ഏറ്റവുമധികം വികാരനിർഭരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രം, പ്രേക്ഷകരിൽ സഹതാപം തോന്നുന്ന, സ്നേഹം തോന്നിപ്പോകുന്ന, ചിത്രത്തിൽ എല്ലവരിൽ നിന്നും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന, അവഗണനകളും ഒറ്റപ്പെടലും അനുഭവിക്കുന്ന, ആരും കൂട്ടിനില്ലാത്ത ഒരു കഥാപാത്രം. മാനാട് സിനിമ എസ് ജെ സൂര്യ കയ്യടക്കിയ പോലെ ഗുരു ഷിബുവായി ആടിത്തിമിർത്തു. പ്രണയമായാലും പകയായാലും സങ്കടമായാലും അയാളും അയാളുടെ കണ്ണുകളും ശരീരഭാഷയും എന്തിന് ഒരു നോട്ടം പോലും അഗാധമാണ്.
സിനിമയിൽ അയാൾ ചെയ്യുന്ന വില്ലത്തരങ്ങൾക്ക് അയാളുടേതായ കാര്യകാരണങ്ങൾ ഉണ്ട്. അത് ഒരു പരിധിവരെ പ്രേക്ഷരും അംഗീകരിക്കുന്നു. അതുകൊണ്ടാണ് അയാളുടെ ചെയ്തികൾ അതിരു വിടുമ്പോഴും, അയാളുടെ ന്യായങ്ങളെ പ്രേക്ഷകർ തള്ളിക്കളയാത്തത്. ഗുരു സോമസുന്ദരം എന്ന നടന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ കഴിവിൽ സംശയം തോന്നിപ്പിക്കില്ല. എന്നാൽ മിന്നൽ മുരളിയോട് ഏറ്റുമുട്ടാൻ നിൽക്കുന്ന വില്ലൻ എങ്ങനെയുണ്ടാകും എന്ന ആകാംഷകളെയും പ്രതീക്ഷകളെയും ഒന്നും നിരാശപ്പെടുത്താതെയാണ് ഗുരു ആ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നത്.
അക്ഷരാത്ഥത്തിൽ പറഞ്ഞാൽ രോമാഞ്ചിഫിക്കേഷൻ ഉണ്ടാക്കിയ അഭിനയം. ഈ അടുത്തകാലത്തായി പുറത്തിറങ്ങിയിട്ടുള്ള ക്യാരക്ടർ ബിൽഡിങ് ഗുരുവിന്റെ കഥാപാത്രത്തിന് കിട്ടിയിട്ടുണ്ട്. കാണുന്ന പ്രേക്ഷകനും ഇമോഷണലായി തന്നെ കണക്ട് ചെയ്യാൻ സാധിക്കുന്ന ഒരു കഥാപാത്രമാണ് ഷിബു. ടോവിനോ ആ വില്ലൻ കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചതിന് വ്യക്തമായ കാരണം സിനിമ കണ്ടു കഴിയുന്നവർക്ക് മനസിലാകും.
ചിത്രത്തിലെ സൂപ്പർ ഹീറോ ഘടകങ്ങളെക്കാളും ഗുരുവിന്റെ വികാരനിമിഷങ്ങൾ തന്നെയായിരുന്നു തുലാസിൽ താഴ്ന്നു തന്നെ ഇരുന്നത്. മാർവലും ഡിസിയും തുടങ്ങി പാശ്ചാത്യ സൂപ്പർ ഹീറോ സിനിമകളുടെ കണ്ണഞ്ചിപ്പിക്കൽ കണ്ട മലയാളികളുടെ മുന്നിലേക്ക് സ്വന്തമായി ഒരു സൂപ്പർ ഹീറോയെ ഇറക്കുകയും അത് വിജയിപ്പിക്കാൻ സാധിക്കുന്നതിലും ഒരു സംവിധായകൻ എടുക്കേണ്ട ടാസ്ക് ചില്ലറയല്ല. അത്തരത്തിൽ അവരെ തൃപ്തിപ്പെടുത്തുന്ന ഒരു സൂപ്പർ ഹീറോ സൃഷ്ടി തന്നെയാണ് മിന്നൽ മുരളി.
ഇതിനൊരു രണ്ടാം ഭാഗം വരും എന്നത് ഉറപ്പിക്കാം. പക്ഷെ അവിടെയും സംവിധായകൻ നേരിടേണ്ടിവരുന്ന ഒരു പ്രധാന വെല്ലിവിളിയുണ്ട്. അത് അടുത്ത ഭാഗത്തിന്റെ കഥ എന്നതായിരിക്കില്ല മറിച്ച് ഗുരു അഭിനയിച്ച പോലെ ഒരു കഥാപാത്രവും,ആ കഥാപാത്രത്തിന് കൊടുത്ത ആവശ്യകതയും അതിന്റെ പുറകിലെ ഇമോഷണൽ എലെമെന്റും നിറഞ്ഞ ഒരു വില്ലൻ കഥാപാത്രവും അത് ഗുരുവിനെ പോലെ അസാധാരണമായി ചെയ്യാൻ കഴിയുന്ന ഒരു നടനെ കണ്ടെത്തുക എന്നതായിരിക്കും വലിയ വെല്ലുവിളി.
ഷിബു എന്ന കഥാപാത്രം മനസ്സിൽ നിന്ന് മായാതെ നിലനിൽക്കും. പ്രത്യേകിച്ച് ക്ലൈമാക്സ് സീനിന് തൊട്ടുമുൻപുള്ള ഇമോഷണൽ സീൻ ഒക്കെ പ്രേക്ഷകരുടെ മനസിലെ ആഴത്തിൽ പതിയുന്നതാണ്. ഒരു പക്ഷെ ജോക്കർ സിനിമയ്ക്ക് ശേഷം വില്ലൻ കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ ക്യാരക്ടർ ഡെവലപ്മെന്റ് ചെയ്ത വില്ലൻ കഥാപാത്രം ഷിബുവിന്റേതാണ്. ആ കഥാപാത്രത്തെ ഇത്ര മനോഹരമായി അദ്ദേഹം അഭിനയിച്ചത് കൊണ്ടാവാം ആ സൃഷ്ടി മനസ്സിൽ മായാതെ കിടക്കുന്നതും.