കൊച്ചി: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് നെറ്റ്ഫ്ലിക്സില്‍ ‘മിന്നല്‍ മുരളി’ റിലീസായത്. ഇപ്പോള്‍ തന്നെ പതിവ് പോലെ ചിലര്‍ വ്യാജ പ്രിന്‍റ് തേടി ടെലഗ്രാമില്‍ കയറിയവര്‍ക്ക് വലിയ പണിയാണ് കിട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചകളും വ്യക്തമാക്കുന്നത്. മിന്നല്‍ മുരളിയുടെ വ്യാജ പതിപ്പെന്ന രീതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സിനിമ ടെലഗ്രാമിലെത്തിയിരുന്നു. പക്ഷേ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇന്‍റര്‍നെറ്റ് ഡാറ്റ നഷ്ടം വന്നു. കിട്ടിയത് പഴയ മലയാള സിനികളും.
മിന്നല്‍ മുരളി എന്ന പേരില്‍ പ്രചരിച്ച ഫയലുകളില്‍ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് നോക്കിയ പലര്‍ക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്. ബേസില്‍ ജോസഫ് തന്നെയാണോ മിന്നല്‍ മുരളിയുടേതെന്ന പേരില്‍ ഇത്തരം ഫയലുകള്‍ അപ്ലോഡ് ചെയ്തത് എന്നതടക്കം ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
നിരവധി ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളിലും ഇക്കാര്യം ചര്‍ച്ചയായിരിക്കുകയാണ്. ഇത് സംബന്ധിച്ച നിരവധി ട്രോളുകളും വ്യാപകമാകുന്നുണ്ട്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ കൂട്ടുകെട്ടില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഗോഥയില്‍ ഇരുവരും ഒന്നിച്ചിരുന്നു. ടൊവിനോയ്‌ക്ക് പുറമെ അജുവര്‍ഗ്ഗീസ്, മാമുക്കോയ തുടങ്ങിയ നിരവധി പേരും ചിത്രത്തിലെത്തുന്നുണ്ട്.
മരക്കാറി’നു ശേഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഹൈപ്പ് ലഭിച്ച ചിത്രമാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ ‘മിന്നല്‍ മുരളി’. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ ചിത്രം പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1:30ന് പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
സമീപകാലത്ത് ഒരു ഇന്ത്യന്‍ ചിത്രത്തിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പ്രൊമോഷനാണ് നെറ്റ്ഫ്ലിക്സ് മിന്നല്‍ മുരളിക്ക് നല്‍കിയിരുന്നത്. സൃഷ്‍ടിക്കപ്പെട്ട ഹൈപ്പിനോട് നീതി പുലര്‍ത്തുന്ന ചിത്രം എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ ആദ്യ പ്രതികരണങ്ങള്‍. റിലീസിനു പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇതിന്‍റെ കമന്‍റ് ബോക്സിലും സിനിമ ഇതിനകം കണ്ടുകഴിഞ്ഞ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങളാണ്.
നെറ്റ്ഫ്ലിക്സ് പ്രീമിയറിനു മുന്‍പേ ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വച്ച് നടന്നിരുന്നു. ഈ മാസം 16ന് ആയിരുന്നു പ്രീമയര്‍ പ്രദര്‍ശനം. ജിയോ മാമിയിലെ പ്രദര്‍ശനത്തിനു ശേഷവും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സംവിധായിക അഞ്ജലി മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങള്‍ പങ്കുവച്ചിരുന്നു.