തിരുവനന്തപുരം: മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണ്. അത് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
എല്ലാ മെഡിക്കല്‍ കോളജുകളിലും നാളെ ഡ്യൂട്ടി ഷെഡ്യൂള്‍ ക്രമീകരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സമരം തുടരുകയായിരുന്നു. സമരത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്.
അതേസമയം പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നാളെ സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സര്‍ജന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സമരത്തിന് പിന്തുണയുമായി അധ്യാപകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പിജി ഡോക്ടര്‍മാരുടെ സമരം പന്ത്രണ്ടാം ദിവസത്തിലെത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.