തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് കൈയ്യടി നേടാനുളള ബഡ്ജറ്റല്ല അവതരിപ്പിയ്ക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ദീര്‍ഘ കാലത്തേക്ക് കേരളത്തെ പരിവര്‍ത്തനം ചെയ്യാനുളള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ബഡ്ജറ്റ് ആയിരിക്കും അവതരിപ്പിയ്ക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇനിയുളള മുന്നോട്ടുളള പാത രണ്ടര മണിക്കൂറിനകം അറിയാമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാരിന്റെ ആദ്യത്തെ ബഡ്ജറ്റിലാണ് വലിയ വഴിത്തിരിവായ കിഫ്ബി പ്രഖ്യാപിച്ചത്. ഇന്നത് യാഥാര്‍ത്ഥ്യമായിട്ടുണ്ട്. വലിയ ബഹളമുണ്ടാക്കിയ പ്രതിപക്ഷവും കിഫ്ബി തുടരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വളരെ നല്ലതാണ്, അങ്ങനെയാണ് വേണ്ടത്. കൊവിഡാനന്തര കേരളത്തിന്റെ പുന:സൃഷ്ടിയാണ് ലക്ഷ്യം. കൊവിഡ് തകര്‍ച്ചയില്‍ നിന്ന് എത്രയും വേഗം ഉയര്‍ത്തെഴുന്നേല്‍ക്കണം. അതിനുളള പരിപാടികള്‍ ബഡ്ജറ്റിലുണ്ടാകുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
കേരളം സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക നീതിയും ഒരുമിപ്പിയ്ക്കുന്ന പ്രദേശമായിരിക്കും. പ്രതിപക്ഷം ആളുകളെ പറഞ്ഞ് പേടിപ്പിയ്ക്കുകയാണ്. സംസ്ഥാനത്ത് ഭീകരമായ കടമെന്നൊക്കെ പറയുന്നത് അര്‍ത്ഥമില്ലാത്ത വാചകമടിയാണ്. കടം മേടിച്ച് കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ ജനങ്ങള്‍ക്ക് പട്ടിണി കൊണ്ട് ജീവിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാകും. വായ്പ എടുത്തിട്ടാണെങ്കിലും പദ്ധതികളുടെ തുടര്‍ച്ചയുണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.