കൊല്ലം: ബൈപ്പാസ് റോഡില്‍ അപകടത്തില്‍പെട്ടു കിടന്ന സൈക്കിള്‍ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്. കുരിയപ്പുഴ പാലത്തില്‍ സൈക്കിളില്‍ നിന്നു വീണ തെക്കേചിറ സ്വദേശി തുളസീധരനെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്.
കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി. കുരിയപ്പുഴയില്‍ റോഡില്‍ വീണുകിടന്ന തുളസീധരനെ കണ്ട മന്ത്രി വാഹനം നിര്‍ത്തുകയും പുറത്തിറങ്ങി ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്ഐ ധന്യയുടെ നേതൃത്വത്തിലുള്ള പോലീസിന് സംഘത്തിനാണ് നിര്‍ദേശം നല്‍കിയത്. തുളസീധരനെ ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചു. തുളസീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് മന്ത്രി അറിയിച്ചു. റോഡപകടത്തില്‍പ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാന്‍ മടികാണിക്കരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.