ഇരിങ്ങാലക്കുട :കയ്യിലണിഞ്ഞ സ്വർണവളയുടെ തൂക്കമോ വിലയോ മന്ത്രി ആർ. ബിന്ദു ഓർത്തില്ല. ആ യുവാവിന്റെ നിസ്സഹായത മാത്രമായിരുന്നു മനസ്സിൽ. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന ചെറുപ്പക്കാരന്റെ ജീവിതകഥ കേട്ടപ്പോൾ മന്ത്രിയുടെ കണ്ണുകൾ നിറഞ്ഞു. വളയൂരി സഹായ സമിതി അംഗങ്ങളുടെ കയ്യിൽ വച്ചുകൊടുത്തു. അപ്രതീക്ഷിത സഹായം കണ്ടു എല്ലാവരും സ്തംഭിച്ചു നിൽക്കെ, നന്ദിവാക്കുകൾക്കോ അഭിനന്ദനത്തിനോ കാക്കാതെ മന്ത്രി മടങ്ങി.
കരുവന്നൂർ മൂർക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സാസഹായ സമിതിയുടെ ധനസമാഹരണ യോഗത്തിൽ പങ്കെടുക്കാനാണു മന്ത്രി മൂർക്കനാട് ഗ്രാമീണ വായനശാലയിലെത്തിയത്. വൃക്കകൾ തകരാറിലായതോടെ ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെ വിഷമിക്കുന്ന വിവേകിന്റെ കഥ കേട്ടപ്പോൾ മന്ത്രി വേദിയിലിരുന്നു കണ്ണീരണിഞ്ഞു.
സഹായസമിതി ഭാരവാഹികളായ പി.കെ. മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ എന്നിവർ വള ഏറ്റുവാങ്ങി. രോഗക്കിടക്കയിലുള്ള വിവേകിന്റെ ആരോഗ്യസ്ഥിതി വേഗം ശരിയാകുമെന്ന് സഹോദരൻ വിഷ്ണുവിനോട് ആശംസിച്ചാണു മന്ത്രി മടങ്ങിയത്.