തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ രൂക്ഷ വിമർശനം . എംഎൽഎമാരുടെ ശുപാർശയുമായി കരാറുകാർ മന്ത്രിയുടെ മുന്നിലേക്ക് വരരുത് എന്ന നിയമസഭയിലെ പരാമർശത്തിന്റെ പേരിലായിരുന്നു മന്ത്രിക്കെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ വ്യാപക വിമർശനമുയർന്നത്.
കരാറുകാരെ കൂട്ടി, അല്ലെങ്കിൽ കരാറുകാർ എംഎൽഎമാരുടെ ശുപാർശയിൽ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാൻ പാടില്ല. അങ്ങനെ വന്നാൽ അത് ഭാവിയിൽ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വെച്ച് മന്ത്രി പറഞ്ഞത്.
എന്നാൽ, നിയമസഭയിലെ മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നിയമസഭാ കക്ഷി യോഗത്തിൽ പാർട്ടി എംഎൽഎമാർ മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞത്. തലശ്ശേരി എംഎൽഎ എഎൻ ഷംസീറായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്. പിന്നാലെ അഴീക്കോട് എംഎൽഎ കെവി സുമേഷും കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
മണ്ഡലത്തിലെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎമാർക്ക് കരാറുകാർ അടക്കമുള്ളവരുമായി ബന്ധപ്പെടേണ്ടി വരും. ചിലപ്പോൾ അവരുമായി മന്ത്രിമാരെ കാണേണ്ടിയും വരും. ഇതിൽ തെറ്റായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശം നിയമസഭ പോലുള്ള വേദിയിൽ വെച്ച് മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നാണ് നിയമസഭാ കക്ഷി യോഗത്തിൽ ഉയർന്ന പൊതുവികാരം.
എംഎൽഎമാർ വിമർശനം ആവർത്തിച്ചതോടെ നിയമസഭാ സെക്രട്ടറി ടിപി രാമകൃഷ്ണൻ ഇടപെടുകയായിരുന്നു. തുടർന്ന്, തന്റെ പരാമർശം തെറ്റായ ഉദ്ദേശത്തിലല്ലെന്ന് വിശദീകരിച്ച മന്ത്രി പിഴവ് സംഭവിച്ചതിൽ പരോക്ഷമായി ഖേദപ്രകടനവും നടത്തി.