26.8 C
Kottayam
Wednesday, May 8, 2024

തൃശ്ശൂരിൽ തമിഴർക്കായി മാത്രം വ്യാജ ബാർ ഹോട്ടൽ; മദ്യവും താമസവും ഭക്ഷണവും ഒരുക്കിയ യുവാവ് പിടിയിൽ

Must read

തൃശ്ശൂർ: തമിഴർക്ക് മാത്രമായി തൃശ്ശൂരിലെ പടിഞ്ഞാറേ കോട്ടയിൽ നടത്തിവന്ന വ്യാജ ബാർ ഹോട്ടൽ എക്സൈസ് കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു. തമിഴർക്ക് മാത്രമായി മദ്യവും ഭക്ഷണവും താമസവുമാണ് ഇവിടെയൊരുക്കിയിരുന്നത്. സെൽവം എന്ന് പേരുള്ള 40കാരനായ തമിഴ്നാട് തിരുവണ്ണാമല പോലൂർ മമ്പാട്ട് സ്വദേശിയാണ് പിടിയിലായ്തത്.

തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സിയു ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ടിആർ ഹരിനന്ദനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.

പടിഞ്ഞാറേ കോട്ടയിൽ സെൽവം വീട് വാടകക്ക് എടുത്തത് നാല് വർഷം മുൻപാണ്. ഇവിടെ തമിഴ്നാട്ടുകാരെ മാത്രമാണ് താമസിപ്പിച്ചിരുന്നത്. മദ്യം കിട്ടാത്ത ദിവസങ്ങളിൽ തമിഴർ മദ്യപിച്ച് വരുന്നതും സ്ഥലത്ത് ബഹളമുണ്ടാക്കുന്നതും പലതവണ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഈ വീട്ടിൽ ദിവസം 50 രൂപയ്ക്ക് തമിഴർക്ക് താമസം ഒരുക്കിയിരുന്നു.

താമസിക്കാൻ വരുന്നവർ കിടക്കാൻ ഉള്ള പായ, ബെഡ് ഷീറ്റ് എല്ലാം കൊണ്ടുവരണമെന്നായിരുന്നു നിബന്ധന. മടങ്ങി പോകുമ്പോൾ ഇത് തിരിച്ച് കൊണ്ടുപോകാം. ഒന്നുമില്ലാത്തവർ പേപ്പർ വിരിച്ച് കിടക്കും. വെറും തറയിലാണ് എല്ലാവരും കിടക്കുന്നത്. ഒരു ദിവസം 30 പേരിലധികം ഈ വീട്ടിൽ താമസിച്ചിരുന്നു. അവരിൽ നിന്നെല്ലാം രാത്രി തങ്ങാൻ 50 രൂപ വെച്ച് വാങ്ങുകയും ചെയ്തിരുന്നു.

ഭക്ഷണം വേണമെങ്കിൽ അതിന് വേറെ പണം കൊടുക്കണം. ഇവർക്ക് ആവശ്യമുള്ള മദ്യം 180 മില്ലി ലിറ്ററിന് 200 രൂപ നിരക്കിൽ പ്രതി വിൽപ്പന നടത്തിയിരുന്നു. വെളുപ്പിന് നാല് മണിക്ക് പുറത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാർ വരിവരിയായി വരും. അവരെ ഇരുന്ന് കഴിക്കാൻ സമ്മതിക്കില്ല. ആവശ്യമുള്ളവർ മദ്യം വാങ്ങി സഞ്ചിയിൽ വെച്ച് പോകും. ആവശ്യക്കാർ കുപ്പി കൊണ്ടുവരണം. അതിൽ ഒഴിച്ച് കൊടുത്ത് കാശ് വാങ്ങുന്നതായിരുന്നു സെൽവത്തിന്റെ രീതി.

മലയാളികൾക്കോ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കോ സെൽവം മദ്യം കൊടുക്കാറില്ല. ആവശ്യമുള്ളവർ തമിഴ്‌നാട്ടുകാരുടെ കൈവശം പണവും കാലി കുപ്പിയും കൊടുത്ത് വിടുമായിരുന്നു. ഇവർ വാങ്ങി മലയാളികൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും കൊടുക്കുന്നതായിരുന്നു പതിവ്. ബിവറേജിൽ നിന്നാണ് സെൽവം മദ്യം വാങ്ങിയത്. ഒരു ദിവസം 20 ലിറ്ററിലധികം മദ്യം സെൽവം വിറ്റിരുന്നു. ഇങ്ങിനെ വിറ്റ ശേഷം ബാക്കി വന്ന മൂന്നര ലിറ്റർ മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week