കൊച്ചി : റിയോയ്ക്ക് പിന്നാലെ ഫാഷന്‍ വീക്കില്‍ മറ്റൊരു വസ്ത്ര ബ്രാന്‍ഡ് കൂടി പുറത്തിറക്കി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന കൈത്തറി ബ്രാൻഡായ കൃതിയുടെ ബ്രാന്‍ഡിന്‍റെ ലോഗോ ഫാഷന്‍വീക്കിലെ സമാപന ചടങ്ങില്‍ വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവും ഗായിക മഞ്ജരിയും ചേർന്ന് പ്രകാശനം ചെയ്തു.
ചടങ്ങിനെത്തുമ്പോള്‍ ധരിച്ചിരുന്ന കൈത്തറി വസ്ത്രത്തില്‍ തന്നെ മന്ത്രി റാംപില്‍ ചുവടവെയ്ക്കുക കൂടി ചെയ്തതോടെ മാളില്‍ തടിച്ചുകൂടിയവര്‍ കൈയ്യടിച്ച് സ്വീകരിച്ചു. എല്ലാ ബുധനാഴ്ചയും സര്‍ക്കാര്‍ ജീവനക്കാര്‍ കൈത്തറിയോ ഖാദിയോ ധരിക്കുന്നത് പോലെ ആഴ്ചയില്‍ ഒരു ദിവസം മലയാളി കൈത്തറിയോ ഖാദിയോ ധരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കൃതി ബ്രാന്‍ഡിനെ ആദ്യമായി റാംപിലെത്തിച്ച് ബ്രാന്‍ഡിന്‍റെ വസ്ത്രങ്ങളണിഞ്ഞ് മഞ്ജരിയും ചുവടുവെച്ചു.
നാടിനെ നടുക്കിയ പ്രളയത്തിന് ശേഷം ഫീനിക്സ് പക്ഷിയെപ്പോലെ പുനര്‍ജ്ജനിച്ച കൈത്തറിയ്ക്ക് മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് കൃതി ബ്രാന്‍ഡിന്‍റെ കടന്നുവരവ്. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളും പുതിയ സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് നെയ്തെടുത്ത കൈത്തറി വസ്ത്രങ്ങളുടെ അപൂര്‍വ്വശേഖരവുമായാണ് കൃതി വിപണിയിലെത്തിയിരിയ്ക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ക്കാവശ്യമായ മെറ്റീരിയലുകള്‍ കൃതി ബ്രാന്‍ഡ് വാങ്ങുന്നത്. ഓരോ മാസവും 30 ലക്ഷം രൂപയുടെ മെറ്റീരിയലുകള്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസില്‍ നിന്നും കൃതി വാങ്ങുന്നുണ്ട്. ഒരു
കോടി രൂപയുടെ മെറ്റീരിയല്‍ വാങ്ങാന്‍ കഴിയുന്ന തലത്തിലേക്ക് ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.
ലുലു ഫാഷൻ സ്റ്റോറിൽ കൈത്തറി വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗം ആരംഭിയ്ക്കുമെന്ന് ലുലു ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം എ നിഷാദ് പറഞ്ഞു. കേരള ഖാദി ഫെഡറേഷന്‍ ജനറല്‍ മാനേജര്‍ മോഹനൻ കൃതിയുടെ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.