ആലപ്പുഴ:ചേർത്തലയിലെ മണ്ണ് പര്യവേഷണ ഓഫീസിലും മുൻസിപ്പാലിറ്റി കൃഷി ഭവനിലും ഹാജർ ബുക്കിൽ ഒപ്പിട്ടുമുങ്ങിയ ജീവനക്കാരെ മന്ത്രി പിടികൂടി.കൃഷി മന്ത്രി പി. പ്രസാദിന്റെ മിന്നൽ പരിശോധനയിലാണ് ജീവനക്കാർ കുടുങ്ങിയത്.ഇതേ തുടർന്ന് ചേർത്തല മണ്ണ് സംരക്ഷണ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രി നിർദ്ദേശം നൽകി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന. മണ്ണ് സംരക്ഷണ ഓഫീസിലെ ജീവനക്കാർ കൃത്യനിർവ്വഹണത്തിൽ അലംഭാവം കാണിക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പരിശോധനയുണ്ടായത്. 18 പേർ വേണ്ടിയിരുന്നിട്ടത് മൂന്ന് പേർ മാത്രമായിരുന്നു ഓഫീസിൽ ഹാജരുണ്ടായിരുന്നത്.
ഹാജർ ബുക്കിലടക്കം ക്രമക്കേട് കണ്ടെത്തി. ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം ഓഫീസിൽ കാണാതിരുന്ന ഓഫീസ് അസിസ്റ്റന്റ് ജയൻ എസ്, വർക്ക് സൂപ്രണ്ട് ലേഖ എ, ക്ലർക്ക് ക്ലമെന്റ് എം.ജെ. എന്നിവർക്കെതിരെയാണ് മന്ത്രി നടപടിക്ക് ശുപാർശ നൽകിയിരിക്കുന്നത്.