KeralaNews

ഇതുവരെ ഒരു ജനപ്രതിനിധിയും പോയിട്ടില്ലല്ലോ, നമുക്കങ്ങ് പോകാം: അരേക്കാപ്പ് കോളനി സന്ദര്‍ശിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍

തൃശൂർ:വിദൂര ആദിവാസി ഗ്രാമമായ അരേക്കാപ്പ് പട്ടിക വർഗ കോളനിയിലേക്കുള്ള യാത്രാനുഭവം പങ്കുവെച്ച് മന്ത്രി കെ.രാധാകൃഷ്ണൻ.കോളനിയിലെത്തിയ ആദ്യ ജനപ്രതിനിധിയാണ് മന്ത്രി.സുരക്ഷയുടെ പേരിൽ യാത്രാ ഒഴിവാക്കാനുള്ള പൊലീസിൻ്റെ മുന്നറിയിപ്പ് മറികടന്ന് യിരുന്നു മന്ത്രിയുടെ യാത്ര

മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പിങ്ങനെ:

കനത്ത മഴ, മഞ്ഞ്,ഒരു വശത്തേക്ക് മാത്രം 28 കിലോമീറ്റർ ഡാം റിസർവോയറിലൂടെയുള്ള യാത്ര… തുടർന്ന് ഒരു മണിക്കൂർ കാട്ടിലൂടെ നടത്തം ….

രാവിലെ ഏഴിന് ഇടമലയാറ്റിലെത്തിയപ്പോൾ സുരക്ഷയുടെ പേരിൽ പൊലീസ് പറയുന്നു …യാത്ര ഒഴിവാക്കുന്നതാകും ഉചിതം. എന്തു ചെയ്യും…അരേക്കാപ്പ് പട്ടിക വർഗ കോളനിയിലേക്ക് ഇതുവരെ ഒരു ജനപ്രതിനിധിയും പോയിട്ടില്ലല്ലോ… മഴയൊക്കെ മാറി… എല്ലാം ശരിയാകുമെന്നേ… നമുക്കങ്ങ് പോകാം….. എം എൽ എ സനീഷ്കുമാർ ജോസഫിനും കലക്ടർ ഹരിത വി. കുമാറിനും മറിച്ചൊരഭിപ്രായമില്ല….

മന്നാൻ , മുതുവാൻ വർഗത്തിൽപ്പെട്ട 43 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോരുത്തർക്കും 7 മുതൽ 12 വരെ ഏക്കർ ഭൂമി വനാവകാശ നിയമപ്രകാരം പതിച്ച് നൽകിയിട്ടുണ്ട്. കൃഷിയും ഇടമലയാർ അണക്കെട്ടിലെ മീൻ പിടിത്തവുമായി അവർ കഴിയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരെയും അതിരപ്പള്ളി മലക്കപ്പാറയിലേക്ക് വിളിച്ച് വരുത്തി വോട്ട് അഭ്യർത്ഥിക്കുകയാണ് പതിവെന്ന് സ്ഥലവാസിയായ ഒരാൾ സൂചിപ്പിച്ചു. ചെങ്കുത്തായ ഭൂപ്രകൃതിയാണെങ്കിലും കനകം വിളയുന്ന മണ്ണാണ്. കുരുമുളകും റബറും കമുകു മൊക്കെ സമൃദ്ധമായി വിളയുന്നു. മലഞ്ചെരുവുകളിൽ നിന്നും ഹോസിലൂടെ ജലം സുലഭമായി കിട്ടുന്നു..

യാത്രാസൗകര്യം… അതാണ് അടിയന്തിരമായി പരിഹരിക്കേണ്ടത്. പിന്നെ കമ്യൂണിറ്റി ഹാൾ, മൊബൈൽ നെറ്റ് വർക്ക്, ചികിൽസാ സൗകര്യം…..എല്ലാം പരിഹരിക്കണം. ഒറ്റയടിപ്പാതയിലൂടെ ചാക്കു കട്ടിലിൽ കിടത്തി ആശുപത്രിയിലെത്തിച്ച രോഗികൾ പലരും മരിച്ച കാര്യം പറഞ്ഞ് ഉറ്റവർ വിതുമ്പി. പിന്നെ ഒരു കാര്യം സന്തോഷത്തോടെ പറയാം. എല്ലാ വീട്ടിലും വൈദ്യുതി പ്രകാശം. മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ കാലത്ത് എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഗുണഫലം. മണിയാശാനോടുള്ള പ്രത്യേക നന്ദിയും അരേക്കാപ്പുകാർ സൂചിപ്പിച്ചു. ഇവരിൽ പലരുടെയും മാതാപിതാക്കൾ ഇടുക്കിയുടെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ്. രാവിലെ എട്ടരയോടെ എത്തി ഒരു പകൽ അരേക്കാപ്പിലെ ഓരോരുത്തരെയും കണ്ട് മടങ്ങുമ്പോൾ സമയം മൂന്നര. . ഇതിനിടെ കപ്പയും കാച്ചിലും പുഴ മീൻ കറിയും അവർ സ്നേഹത്തോടെ വിളമ്പിയത് കഴിച്ചു. കോളനിയെ മലക്കപ്പാറയുമായി ബന്ധിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്ന റോഡിന്റെ രൂപീകരണ പ്രവത്തിക്കും തുടക്കം കുറിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ആറോടെ ഇടമലയാറ്റിലെത്തിയപ്പോൾ അരേക്കാപ്പിൽ നിന്നും വന്ന് ഇടമലയാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കഴിയുന്നവരെ കണ്ട് മടങ്ങി പോകണമെന്നും അഭ്യർത്ഥിച്ചു. ഇവർ ഇവിടെ കഴിയുന്നതു കൊണ്ട് 40 ആദിവാസി കുട്ടികളുടെ പഠന സൗകര്യങ്ങൾ കുറയുന്നു എന്ന കാര്യം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഏതായാലും അരേക്കാപ്പുകാർക്ക് വഴി വേണം. അത് സാധ്യമാക്കുന്നതിനുള്ള ആദ്യ ചുവടുകളാണ് ഈ യാത്ര. അതിനിയും തുടരും…..

പ്രതികൂല കാലാവസ്ഥയിലും കൈ പിടിച്ച് സംരക്ഷിച്ച ഊരുമൂപ്പൻ സന്തോഷ്, വിജയൻ, ജയൻ, ‘നാട്ടുവൈദ്യൻ ഗോപി തുടങ്ങിയവർക്കെല്ലാം നന്ദി പറയുന്നു. ഒപ്പം കൂടെയുണ്ടായിരുന്ന മറ്റെല്ലാവർക്കെല്ലാം നന്ദി….

https://www.facebook.com/648189938632807/posts/4549600158491746/

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button