വനിതാ ഹൗസ് സർജനെ കൈയേറ്റംചെയ്ത സംഭവം; മന്ത്രിയുടെ ഗൺമാന് സസ്പെൻഷൻ

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രിഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സർജനെ കൈയേറ്റംചെയ്ത സംഭവത്തിൽ മന്ത്രിയുടെ ഗൺമാനെ സസ്പെന്റ് ചെയ്തു. മന്ത്രി സജി ചെറിയാന്റെ ഗൺമാൻ അനീഷ്മോനെയാണ് സസ്പെന്റ് ചെയ്തത്. നേരത്തെ സംഭവത്തിൽ അനീഷ്മോനെതിരേ അമ്പലപ്പുഴ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആശുപത്രിയിലെ പതിനാറാം വാർഡിലായിരുന്നു സംഭവം. അനീഷ്മോന്റെ അച്ഛൻ കുഞ്ഞുകുഞ്ഞ് (പീയൂസ് -73) പനിയെത്തുടർന്ന് ഇവിടെ ചികിത്സയിലായിരുന്നു. രാത്രി നില വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ അടിയന്തരപരിചരണം നൽകാൻ പ്രത്യേക മുറിയിലേക്കു മാറ്റുന്നതിനിടെയാണ് അനീഷ്മോൻ സ്ഥലത്തെത്തിയത്.

രോഗി മരിച്ചതോടെ രോഷാകുലനായ അനീഷ്മോൻ വനിതാ ഹൗസ് സർജനെ കൈയേറ്റംചെയ്യുകയും ഭീഷണിമുഴക്കുകയും ചെയ്തതായാണ് പരാതി. ആശുപത്രി സൂപ്രണ്ട് ഉടൻതന്നെ പോലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. വനിതാ ഹൗസ് സർജന്റെ മൊഴിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് പ്രതിയെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് ഹൗസ് സർജന്മാർ സമരം ആരംഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News