പാണത്തൂര്‍ ബസ് അപകടം; അടിയന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ഗതാഗത മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് പാണത്തൂരിലെ ബസ് അപകടവുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച് സബ് കളക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. മോട്ടോര്‍ വാഹന ചട്ടം തെറ്റിച്ചുള്ള യാത്രയാണോ അപകടകാരണമെന്ന് പരിശോധിക്കും. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പാണത്തൂര്‍-സുള്ള്യ റോഡില്‍ പരിയാരം ഇറക്കത്തില്‍ 12.30 ഓടെയാണ് സംഭവം. വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ കര്‍ണാടക സ്വദേശികളായ ഏഴ് പേര്‍ മരിച്ചു. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷനുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബസില്‍ 60ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.

പരുക്കേറ്റ 34 പേരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും, 11 പേരെ മംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്കും മാറ്റി. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്ന് അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News