കൊച്ചി:തിങ്കളാഴ്ച മുതൽ പാലുൽപന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ. പാൽ, തൈര്, ലെസ്സി ഉൽപന്നങ്ങൾക്ക് 5% വില കൂടും. കൃത്യമായ വില പ്രസിദ്ധീകരിക്കുമെന്നും മിൽമ ചെയർമാൻ അറിയിച്ചു. അരി, ധാന്യം, പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്.
പ്രീ–പാക്ക് ചെയ്ത മാംസം (ഫ്രോസൻ അല്ലാത്തത്), മീൻ, തേൻ, ശർക്കര, പനീർ, ലെസ്സി, പപ്പടം, പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും. ജൂൺ അവസാനം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പരിഷ്കരിച്ച മറ്റു നികുതി നിരക്കുകളും തിങ്കളാഴ്ച പ്രാബല്യത്തിൽ വരും. നികുതി വർധനയ്ക്കനുസരിച്ച് പല ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിലയും കൂടിയേക്കും.