മിൽമ പാലിന്റെ വില ഉടൻ കൂട്ടില്ല; പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: മിൽമ പാൽ വില വർധന തത്കാലത്തേക്ക് ഇല്ല. ചൊവ്വാഴ്ച നടന്ന മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ് മീറ്റിങ്ങിലായിരുന്നു തീരുമാനം. പാൽ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടു. സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമറിയിക്കാന്‍ മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

പാൽ വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. പാലിന് എത്ര വില കൂട്ടാനാകും, കർഷകരെ എങ്ങനെ സഹായിക്കാനാകും എന്നീ വിഷയങ്ങൾ സമിതി പഠിച്ച് തീരുമാനമെടുക്കും.

സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും തീരുമാനം. കാലിത്തീറ്റ സബ്സിഡി മൂന്ന് മേഖലാ യൂണിയൻ്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വിതരണം ചെയ്യും.

നിലവില്‍ 52 രൂപയ്ക്കാണ് ഒരു ലിറ്റര്‍വില്‍ക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതല്‍ 48 രൂപവരെ കര്‍ഷകന് ലഭിക്കും. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാല്‍വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്.

ഒരുദിവസം ശരാശരി 12.6 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍നിന്ന് സംഭരിക്കുന്നത്. ശരാശരി 17 ലക്ഷം ലിറ്റര്‍ വില്‍ക്കുന്നുണ്ട്. അധികമായി വേണ്ട പാല്‍ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണമേഖലയില്‍നിന്നാണ് വാങ്ങുന്നത്.

കാലിത്തീറ്റ വിലയിലുള്‍പ്പെടെ പശുവളര്‍ത്തലില്‍ വന്‍തോതില്‍ ചെലവ് കൂടിയതിനാല്‍ വിലകൂട്ടണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News