KeralaNationalNews

‘വരുൺ സിങ് ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ’;നഞ്ചപ്പസത്രത്തെ ദത്തെടുത്ത് സേന

ചെന്നൈ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കുമെന്നും ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ എ.അരുൺ അറിയിച്ചു.

ഗ്രാമവാസികൾക്ക് പുതപ്പുകൾ, സോളർ എമർജൻസി ലൈറ്റുകൾ, റേഷൻ എന്നിവ വിതരണം ചെയ്തു. അപകടവിവരം ആദ്യം അറിയിച്ച 2 പേർക്കു 5000 രൂപ വീതം നൽകി. പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ, വനം ജീവനക്കാർ, കരസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി. തമിഴ്നാട് സർക്കാരിനെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും അദ്ദേഹം നന്ദി അറിയിച്ചു.

അതിനിടെ, നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്നും ഹെലികോപ്റ്റർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ടു ഗ്രാമവാസികൾ കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി.

‘ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ അണയ്ക്കാനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും ജനങ്ങൾ മുന്നോട്ടുവന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഇൗ ഗ്രാമത്തിലെ ജനങ്ങളാണ്.’ – ലഫ്. ജനറൽ എ.അരുൺ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button