ന്യൂയോർക്ക്: ഇറാൻ ഭരണകൂടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്‌സ്. കഴിഞ്ഞകാല ചെയ്തികൾ മറന്നുകൊണ്ട് ഇറാൻ ഇപ്പോൾ ഒരു ഇരയായി സ്വയം അവതരിപ്പിക്കുകയാണെന്നും യുഎസ് സ്വീകരിക്കുന്നത് നിയമപരമായ നടപടികളാണെന്നും മൈക്ക് വാൾട്ട്‌സ് വ്യക്തമാക്കി. ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധസാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മൈക്ക് വാൾട്ട്‌സ്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ഓപ്പറേഷൻ എപിക് ഫ്യൂറിയിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മൈക്ക് വാൾട്ട്‌സിന്റെ പ്രതികരണം. ഇറാൻ ഭരണകൂടം ലോകത്തെ മന:പൂർവ്വം അസ്ഥിരപ്പെടുത്തുകയാണെന്നും അമേരിക്കൻ സൈനികരുടേയും പൗരന്മാരുടെയും മരണത്തിന് അവർ ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.
‘യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചു. ഇറാൻ സ്വയം മുന്നോട്ടുവരാതെ സായുധ ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് ഇതിന് ശ്രമിച്ചത്. എന്നിട്ടപ്പോൾ ലോകത്തിന് മുന്നിൽ സ്വയം ഇരയായി അവതരിപ്പിക്കുന്നു’-മൈക്ക് വാൾട്ട്‌സ് ആരോപിച്ചു.
രക്തച്ചൊരിച്ചിലിനും ക്രമക്കേടിനും കാരണമാകുന്നത് ഇറാൻ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പുകളാണ്. ഇറാൻ അമേരിക്കയുടെ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുന്നു. രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്നുണ്ടെന്നും മൈക്ക് വാൾട്ട്‌സ് കുറ്റപ്പെടുത്തി.
നയതന്ത്ര ചർച്ചകൾക്ക് അവസരമുണ്ടായിട്ടും ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ ഇറാൻ തയ്യാറാകാത്തത് ആണവ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ഇറാന്റെ ഈ നിലപാടിനെതിരെ അമേരിക്ക സ്വീകരിക്കുന്ന ‘നിയമപരമായ നടപടി’കളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും മൈക്ക് വാൾട്ട്‌സ് വ്യക്തമാക്കി.

