തൊടുപുഴയില്‍ മധ്യവയസ്‌കനെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ അയല്‍വാസിയായ മധ്യവയസ്‌കനെ പട്ടിയെവിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമന്‍ ആണ് അയല്‍വാസിയായ സേതുബാബുവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.

അരോപണം നിഷേധിച്ച സേതുബാബു വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സോമന്‍ കള്ളക്കേസ് നല്‍കിയതാണെന്ന് ആരോപിച്ചു. തെക്കുംഭാഗത്ത് സേതുബാബുവിന്റെ വീടിന് മുന്നില്‍ സോമന്റെ സുഹൃത്തായ ജിനു കിണര്‍ കുഴിച്ചതിനെ ചൊല്ലി മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വീണ്ടും ഇരു കൂട്ടരുമായി തര്‍ക്കമുണ്ടാവുകയും ഇതിനിടെ സേതുബാബു തന്നെ തല്ലുകയും പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് സോമന്റെ പരാതി. എന്നാല്‍ വീടിന് മുന്നില്‍ കോഴി ഫാം നിര്‍മിക്കാനാണ് സോമന്റെ സുഹൃത്ത് ജിനു ശ്രമിച്ചതെന്നും ഇതിന് താന്‍ സ്റ്റേ വാങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സേതുബാബു പറഞ്ഞു.

രണ്ടു കൂട്ടരുടെയും ഭാഗത്തു നിന്നുള്ള പരാതികളിന്‍മേല്‍ നാലു കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തൊടുപുഴ സിഐ സുധീര്‍ മനോഹര്‍ പറഞ്ഞു. ഇരു കൂട്ടരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News