പത്തനംതിട്ട: പത്തനംതിട്ട നെടുമണ്ണിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്.
52 കാരൻ അനീഷ് ദത്തനാണ് മരിച്ച കേസിലാണ് സഹോദരൻ മനോജ് ദത്തനെയും സുഹൃത്ത് ബിനുവിനെയും പൊലീസ് പ്രതിചേർത്തത്. പോസ്റ്റ്മോർട്ടത്തിൽ അനീഷിന്‍റെ തലയ്ക്ക് പിന്നിൽ ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. മദ്യലഹരിയിൽ അനീഷും സഹോദരനും സുഹൃത്തും തമ്മിൽ വീട്ടിൽ അടിപിടിയുണ്ടായെന്ന് അനീഷിന്റെ അമ്മ നേരത്തെ പറഞ്ഞിരുന്നു.
ഇന്നലെ രാവിലെയാണ് അനീഷ് ദത്തനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ഇളയ സഹോദരൻ മനോജ് ദത്തനും സുഹൃത്ത് ബിനുവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. പിന്നീട് വഴക്കും അടിപടിയുമുണ്ടായെന്ന് അമ്മ പറയുന്നു. ഹൃദ്രോഗിയാണ് മരിച്ച അനീഷ് ദത്തൻ. സഹോദരൻ മനോജ് ദത്തന്‍റെയും സുഹൃത്ത് ബിനുവിന്‍റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
മദ്യപിച്ച് വഴക്കുണ്ടായെന്ന് ഇരുവരും സമ്മതിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മുറിവുകളൊന്നുമില്ലായിരുന്നു. എന്നാല്‍, പോസ്റ്റ്മോർട്ടത്തിൽ അനീഷിന്‍റെ തലയ്ക്ക് പിന്നിൽ ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നുവെന്ന് അടൂർ പൊലീസ് അറിയിച്ചു.
കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടി കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് മരിച്ചത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.
ഒക്ടോബര്‍ 20-നായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തി ശല്യം ചെയ്തതോടെയാണ് സാവിത്രി അമ്മ ഇയാളെ കോടാലി കൊണ്ട് വെട്ടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അനുദേവൻ തിങ്കളാഴ്ചയാണ് മരിച്ചത്.
അക്രമത്തിനു ശേഷം ഇവർ തന്നെയാണ് മകനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഇയാൾ വീണതാണെന്നായിരുന്നു സാവിത്ര അമ്മ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്.