KeralaNews

പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച കേസ്, നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു

കൊച്ചി:പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. എറണാകുളം നോർത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. വിനായകൻ  ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ:
ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് വിനായകൻ കലൂരിലെ തന്‍റെ ഫ്ലാറ്റിലേയ്ക്ക് പൊലീസിനെ വിളിച്ചു വരുത്തി. പൊലീസെത്തി ഇരുവരുമായും സംസാരിച്ച ശേഷം മടങ്ങി. എന്നാൽ ഇതിൽ തൃപ്തനാവാതെ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ, ബഹളമുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചതുൾപ്പടെ അപമര്യാദയായി പെരുമാറിയതിന് പൊലീസ് വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ലഹരിക്കടിമപ്പെട്ട് പൊതു സ്ഥലത്ത്  നിയന്ത്രിക്കാനാകാതെ പെരുമാറുക,
സർക്കാർ ഉദ്യോഗസ്ഥരോട് അന്യായമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് , വിനായകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം അറിഞ്ഞ് വിനായകന്റെ
സുഹൃത്തുക്കളും അഭിഭാഷകനും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. വിനായകനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിനായകനെ രാത്രി 10.30 ഓടെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു.

തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് വിനായകന്‍ പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് തിരിക്കുന്ന സമയത്തായിരുന്നു വിനായകന്റെ പ്രതികരണം. താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസിനോട് ചോദിക്കണം. തന്നെക്കുറിച്ച് എന്തും പറയാമല്ലോ. താനൊരു ഒരു പെണ്ണുപിടിയനാണെന്നും അവര്‍ക്ക് പറയാമല്ലോ എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലും വിനായകനെതിരെ പൊലീസ് കേസ് രജിസ്റ്റർ് ചെയ്തിരുന്നു. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അന്ന് താരത്തിനെതിരെ കേസെടുത്തത്. ഉമ്മൻ‌ചാണ്ടിയുടെ മരണത്തെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്ബുക്ക്‌ ലൈവായിരുന്നു കേസിന് ആധാരം.

ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയായിരുന്നു വിനായകന്‍ ലൈവിലൂടെ ചോദിച്ചത്. വിവാദമായതോടെ വിനായകന്‍ വീഡിയോ പിന്‍വലിച്ചെങ്കിലും അദ്ദേഹത്തിനെതിരെ വലിയ രോഷം ഉയർന്ന് വരികയായിരുന്നു.

വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. വിനായകൻ ഏതെങ്കിലും നിമിഷത്തിൽ പറഞ്ഞ് പോയതിന്റെ പേരിൽ കേസെടുക്കേണ്ട കാര്യമില്ല. തന്റെ പിതാവ് എന്താണ് ചെയ്തതെന്ന കാര്യം ജനങ്ങൾക്ക് അറിയാം. തന്റെ പിതാവ് ഉണ്ടെങ്കിലും ഇത് തന്നെയേ പറയുകയുള്ളൂവെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. എന്നാല്‍ തനിക്കെതിരെ കേസ് വേണം എന്നായിരുന്നു വിനായകന്റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker