മകന് കുട്ടികളില്ല; വിഷമം താങ്ങാനാകാതെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മധ്യവയസ്‌കരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സിറസ്പുര്‍ നിവാസികളായ അന്‍പതുകാരനെയും ഭാര്യയെയുമാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

പോലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം മകന് കുട്ടികളില്ലാത്തതിലുള്ള വിഷമം കൊണ്ടാണ് ദമ്പതികള്‍ ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ മകന്റെ വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷമായി. എന്നാല്‍ ഇയാള്‍ക്ക് ഇതുവരെ കുട്ടികളായിട്ടില്ല. ഇക്കാരണത്താല്‍ മാതാപിതാക്കള്‍ അതീവ ദുഃഖിതരായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അലിപുരില്‍ ഒരു ഗോഡൗണില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്തു വരികയാണ് മരിച്ച അന്‍പതുകാരന്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മകനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ ഭാര്യക്കൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. മകന് കുട്ടികളുണ്ടാകത്തതിനെ ചൊല്ലി തന്നെയായിരുന്നു വഴക്കുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇക്കഴിഞ്ഞ ദിവസം ഇവരുടെ മരുമകന്‍ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ ദമ്പതികളെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിഷം കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് തെളിവുകള്‍ നല്‍കുന്ന സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News