കോട്ടയം: ‘പരീക്ഷയിൽ നിങ്ങൾ തോൽക്കാൻ സാധ്യതയുണ്ട്, പക്ഷേ, പേടിക്കേണ്ട. ജയിക്കാൻ ഒരു വഴിയുണ്ട്. പണം തന്നാൽ വിജയിപ്പിക്കാം’. എംബിഎ പരീക്ഷയിൽ ജയിക്കാനുള്ള അവസാന അവസരമായ ‘മേഴ്സി ചാൻസ്’ എഴുതിയ ശേഷം പരീക്ഷാഫലം അറിയാനെത്തിയ വിദ്യാർഥിനിക്ക് എംജി സർവകലാശാലയിലെ ഉദ്യോഗസ്ഥ നൽകിയ വാഗ്ദാനമായിരുന്നു ഇത്. അതിനായി ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതാണ് ഒന്നര ലക്ഷം രൂപ!
കൈക്കൂലി വാങ്ങി വിദ്യാർഥിനിയെ ജയിപ്പിക്കാൻ സർവകലാശാലയിലെ ഉദ്യോഗസ്ഥയ്ക്കു സഹായമായത് ഇത്തവണത്തെ എംബിഎ പരീക്ഷാഫലത്തിലെ അപാകതകൾ. കോവിഡ് കാലത്ത് പലതവണ മാറ്റിവച്ചാണ് പരീക്ഷകൾ നടത്തുന്നത്. ഒടുവിൽ പരീക്ഷാഫലം പുറത്തു വന്നപ്പോൾ യഥാർഥത്തിൽ ജയിച്ച പല വിദ്യാർഥികളും തോറ്റതായാണ് രേഖപ്പെടുത്തിയിരുന്നത്. തോറ്റവർ ജയിക്കുകയും ചെയ്തു. ഇതോടെ ‘പോസ്റ്റ് കറക്‌ഷൻ’ എന്ന നടപടിയിലൂടെ പരീക്ഷാഭവൻ തെറ്റുകൾ തിരുത്തി. ഈ നടപടിയുടെ മറവിലാണ് വിദ്യാർഥിനിയെ വിജയിപ്പിക്കാമെന്നു വാക്കു നൽകി പണം വാങ്ങിയതെന്നാണ് സർവകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തിലെ സൂചന. മേഴ്സി ചാൻസിൽ എഴുതിയ പരീക്ഷകളിൽ പാസ് മാർക്ക് ഈ വിദ്യാർഥിനിക്കു ലഭിച്ചിരുന്നു. ഇക്കാര്യം പരീക്ഷാഭവൻ അസിസ്റ്റന്റ് സി.ജെ.എൽസി മറച്ചുവച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
2016 മുതൽ എംബിഎ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽസിയെ വിദ്യാർഥിനിക്കു നേരത്തേ പരിചയമുണ്ട്. പരീക്ഷ പലവട്ടം മാറ്റിവച്ചപ്പോഴൊക്കെ വിദ്യാർഥിനി ഈ ഉദ്യോഗസ്ഥയെ ബന്ധപ്പെട്ടിരുന്നു. 2016ൽ ഏറ്റുമാനൂരിലെ കോളജിൽനിന്നാണ് വിദ്യാർഥിനി എംബിഎ പാസായത്. 4 സെമസ്റ്ററുകളിലായി 8 വിഷയങ്ങൾക്കു വിജയിക്കാൻ കഴിഞ്ഞില്ല. പലവട്ടം സപ്ലിമെന്ററി പരീക്ഷ എഴുതി. അവസാനം കഴിഞ്ഞ നവംബറിൽ മേഴ്സി ചാൻസും എഴുതി.
പരീക്ഷയിൽ ജയിപ്പിക്കാമെന്ന ഉറപ്പു കിട്ടിയതോടെ ബാങ്ക് അക്കൗണ്ട് മുഖേന 3 തവണയായിട്ട് വിദ്യാർഥിനി 1.25 ലക്ഷം രൂപ കൈമാറിയതായി വിജിലൻസ് കണ്ടെത്തി. കഴുത്തിൽക്കിടന്ന മാല പണയംവച്ചു വരെ പണം കൊടുത്തു. ജനുവരിയിൽ സർവകലാശാല വെബ്സൈറ്റിൽ പരീക്ഷാ ഫലം വന്നപ്പോൾ വിദ്യാർഥിനി ജയിക്കുകയും ചെയ്തു. തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി വിദ്യാർഥിനിക്കു മനസ്സിലായതെന്ന് വിജിലൻസ് എസ്പി വി.ജി.വിനോദ് കുമാർ പറഞ്ഞു.
മാർക്ക് ലിസ്റ്റുകൾക്കു പുറമേ പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോൾ അരലക്ഷം രൂപ ആവശ്യപ്പെട്ടു. ഒടുവിൽ 30,000 രൂപയ്ക്കു സർട്ടിഫിക്കറ്റ് നൽകാൻ സമ്മതിച്ചു. കോവിഡ് മൂലം സർവകലാശാല അടയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ ഉടൻ പണവുമായി വരണമെന്നു പറഞ്ഞാണ് ഇന്നലെ വിദ്യാർഥിനിയെ വിളിച്ചു വരുത്തിയതെന്നും വിജിലൻസ് പറയുന്നു. കൈക്കൂലി കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ എൽസി കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഫയലുകളും പരിശോധിക്കും. സർവകലാശാലയും വിശദമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. നാളെ ചേരുന്ന സിൻഡിക്കറ്റ് യോഗം സമിതിയെ നിശ്ചയിക്കും. ഡിവൈഎസ്പി എ.കെ.വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ സജു എസ്.ദാസ്, എസ്.ജയകുമാർ, എം.കെ.പ്രശാന്ത് കുമാർ, എഎസ്ഐ സ്റ്റാൻലി തോമസ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് എൽസിയെ പിടികൂടിയത്.
മാർക്ക് ദാന വിവാദത്തിനു പിന്നാലെ ജയിപ്പിക്കാൻ കൈക്കൂലിക്കേസിലും എംജി സർവകലാശാല വിവാദത്തിൽ. 2019 ഒക്ടോബറിലാണ് മുൻ മന്ത്രി കെ.ടി.ജലീലിന്റെ സെക്രട്ടറി പങ്കെടുത്ത അദാലത്തിൽ നടത്തിയ മാർക്ക് ദാനം വിവാദത്തിലായത്. തുടർന്ന് 116 വിദ്യാർഥികളുടെ മാർക്ക് ദാനം സർവകലാശാല റദ്ദാക്കി. പിന്നീട് സർവകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
എംജി സർവകലാശാലയിൽ ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എംജി സർവകലാശാല എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ അംഗമായ സി.ജെ.എൽസിയെ സസ്പെൻഡ് ചെയ്തതായി ജനറൽ സെക്രട്ടറി വി.പി.മജീദ് പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എംജി സർവകലാശാലാ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ.മഹേഷ് ആവശ്യപ്പെട്ടു.