28.9 C
Kottayam
Tuesday, May 21, 2024

തെളിവുകൾ ഒളിപ്പിക്കാൻ ശ്രമിക്കുന്ന നാലാം ഫോൺ; ദിലീപിൻ്റെ ഫോൺ കണ്ടെത്താൻ സൈബർ ഡോമിൻ്റെ സഹായം തേടി

Must read

കൊച്ചി: നടൻ ദിലീപിന്റെ നാലാമത്തെ ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സൈബർ ഡോമിന്റെ സഹായം തേടി. ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.

ദിലീപ് ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഈ ഫോണിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഫോൺ വിളികളുടെ സാങ്കേതിക വിവരങ്ങൾ (സിഡിആർ) കമ്പനികളുടെ സഹായത്തോടെ ശേഖരിച്ചു പരിശോധിച്ചപ്പോഴാണ് ദിലീപ് 4 ഫോണുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ദിലീപിനു വേണ്ടി ഡ്രൈവറാണ് ഈ ഫോൺ കൈവശം സൂക്ഷിച്ചിരുന്നതെന്ന സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ഓരോ ഫോണിനുമുള്ള ആഗോള തിരിച്ചറിയൽ നമ്പറായ ഇന്റർ നാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി നമ്പറാണ് (ഐഎംഇഐ) ഈ കേസിൽ അന്വേഷണ സംഘത്തിന്റെ ഏക പിടിവള്ളി. നാലാമതൊരു ഫോൺ ഉപയോഗിക്കുന്നില്ലെന്ന ദിലീപിന്റെ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യത പരിശോധിക്കാൻ ഏറ്റവും ശാസ്ത്രീയമായ മാർഗമാണ് ഐഎംഇഐ നമ്പറിന്റെ പരിശോധന. കേസിനു വഴിയൊരുക്കിയ സംഭവമുണ്ടാകുമ്പോൾ ഈ ഫോണിലെ സിംകാർഡ് ഉപയോഗിച്ചു ദിലീപ് ആരെങ്കിലുമൊരാളെ വിളിച്ചതിന്റെ തെളിവായ സിഡിആറും സാക്ഷിമൊഴിയുമുണ്ടെങ്കിൽ കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കും.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന 7 മൊബൈൽ ഫോണുകളാണ് ഇവർ മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഈ ഫോണുകളിലുള്ളതിനാലാണ് ഇവർ ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതെന്നും അന്വേഷണ സംഘം പറയുന്നു.

‘പാൻനമ്പറും ആധാർകാർഡും ജാതകവും’ ചേർന്നാൽ ഒരാളെക്കുറിച്ച് അറിയാൻ കഴിയുന്നത്ര വിവരങ്ങൾ ഒരു മൊബൈൽ ഫോണിനെ കുറിച്ച് അറിയാൻ കഴിയുന്ന നമ്പറാണ് അതിന്റെ ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പറെന്നാണു സൈബർ കുറ്റാന്വേഷണ വിദഗ്ധരുടെ അഭിപ്രായം. ഒരു ഐഎംഇഐ നമ്പറിലുള്ള ഫോൺ നശിപ്പിച്ചതിനു ശേഷം അതേ നമ്പറിൽ മറ്റൊരു ഫോൺ നിർമിക്കാൻ ആദ്യ ഫോൺ നിർമിച്ച മൊബൈൽ കമ്പനി തന്നെ വിചാരിക്കണം. എന്നാൽ ഒരു ഫോണിന്റെ മദർ ബോർഡ് ഐടി വിദഗ്ധന്റെ സഹായത്തോടെ മാറ്റി ഘടിപ്പിച്ചു സംശയിക്കപ്പെടുന്ന ഫോണിന്റെ ഐഎംഇഐ നമ്പർ മാറ്റിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ബോർഡ് മാറ്റിയ കാര്യം പരിശോധനയിൽ തെളിയും. അതു ചെയ്യുന്ന ഐടി വിദഗ്ധനും തെളിവു നശിപ്പിച്ച കുറ്റത്തിനു പ്രതിയാകും.

അതിനിടെ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുമ്പോൾ തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയുന്നതിനുള്ള ആഭ്യന്തര പരാതിപരിഹാര സമിതി സിനിമാ മേഖലയിൽ രൂപീകരിക്കുന്നതിനു സാംസ്‌കാരിക വകുപ്പു മുൻകയ്യെടുക്കണമെന്നു സംസ്ഥാന വനിതാ കമ്മിഷൻ. വിമൻ ഇൻ സിനിമാ കലക്ടീവ് ഭാരവാഹികളുടെ ആവശ്യവും കമ്മിഷനു ലഭിച്ച പരാതികളും പരിഗണിച്ചാണു നിർദേശം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ എന്തെല്ലാം നടപടിസ്വീകരിച്ചുവെന്നു സാംസ്കാരിക വകുപ്പ് അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week