കോട്ടയം:കോവിഡ് 19 മഹാമാരിയെ അതിജീവിക്കുന്നതിനുള്ള നാടിന്റെ ശ്രമങ്ങൾക്ക് കരുത്തുപകർന്ന്, 1.70 ലക്ഷം പരിശോധനകൾ നടത്തി മഹാത്മാഗാന്ധി സർവകലാശാലയുടെ തലപ്പാടി അന്തർ സർവകലാശാല സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.
ഐ.സി.എം.ആർ. അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വൈറസ് റിസർച്ച് സെന്ററിലാണ് കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സ്രവസാമ്പിളുകൾ പരിശോധിക്കുന്നത്. 2020 മാർച്ച് 27 മുതലാണ് പരിശോധനകൾ തുടങ്ങിയത്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ ദിവസം 800 മുതൽ 1100 വരെ സാമ്പിളുകൾ ക്യു-ആർ.ടി.പി.സി.ആർ. ടെസ്റ്റിലൂടെ പരിശോധിച്ച് നൽകുന്നു. 24 മണിക്കൂറിനുള്ളിൽ ഫലം നൽകും. ഇടുക്കി, കോട്ടയം ജില്ലകളിലെ രോഗികളുടെ സ്രവ സാമ്പിൾ പരിശോധനയാണ് നടത്തുന്നത്. പാലക്കാട് ജില്ലയിലെ സാമ്പിളുകളും പരിശോധിച്ചു. ഇടുക്കി, പാലക്കാട് മെഡിക്കൽ കോളജിൽനിന്നുള്ള ജീവനക്കാർക്ക് കോവിഡ് 19 പരിശോധനയ്ക്കുള്ള പരിശീലനവും നൽകി.
ഡയറക്ടർ ഡോ. കെ.പി. മോഹനകുമാറിന്റെ നേതൃത്വത്തിൽ റിസർച്ച് അസോസിയേറ്റുകൾ, ലാബ് ടെക്നീഷ്യന്മാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന. റിസർച്ച് സെന്ററിലെ ജീവനക്കാർക്ക് പുറമെ 27 ലാബ് ജീവനക്കാരെക്കൂടി സംസ്ഥാന സർക്കാർ ആരോഗ്യകേരളം പദ്ധതിയിലൂടെ അനുവദിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് 19 സാമ്പിൾ പരിശോധന നടത്തുന്ന ഏക സർവകലാശാല കേന്ദ്രമാണ് ഐ.യു.സി.ബി.ആർ.