നിയമ നിര്‍ദ്ദേശങ്ങള്‍ തിരിച്ചടിയാകുന്നു; ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരുമെന്ന് മെറ്റ

പാരീസ്: വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വരുത്തുന്ന മാറ്റത്തില്‍ ആശങ്കയറിയിച്ച് മെറ്റ. പുതിയ ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാകുമെന്ന് മെറ്റ വ്യക്തമാക്കി. ഇതേതുടര്‍ന്ന് അനുകൂല നിലപാട് സ്വീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് കമ്പനി.

വ്യക്തികളുടെ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലുമാണ് മെറ്റ നിലവില്‍ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്നത്. കമ്പനിയുടെ പരസ്യ ലക്ഷ്യങ്ങളിലും മറ്റും യൂറോപ്യന്‍ യൂണിയന്റെ പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ നിഗമനം.

ഇതോടൊപ്പം കഴിഞ്ഞ ആഴ്ച പുറത്തുവന്ന പാദവാര്‍ഷിക ഫലം കമ്പനിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. പ്രതീക്ഷിച്ച വളര്‍ച്ച നേടിയെടുക്കാന്‍ കഴിയാതായതോടെ കഴിഞ്ഞ ആഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഉടമയായ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ആസ്തി ഇന്ത്യന്‍ അതിസമ്പന്നരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോകുകയും ചെയ്തു. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ കമ്പനിക്ക് തിരിച്ചടിയാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News