മെസി അരങ്ങേറി,പാരിസിന് ജയം

പാരിസ്:ഇന്ന് ഫ്രഞ്ച് ഫുട്ബോളിന് തന്നെ പ്രധാനപ്പെട്ട രാത്രി ആയിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസ്സി ഇന്ന് പി എസ് ജിക്ക് വേണ്ടി അരങ്ങേറി.

ബാഴ്സലോണ അല്ലാത്ത വേറെ ഒരു ക്ലബിന്റെ ജേഴ്സിയില്‍ മെസ്സി ഇറങ്ങിയ മത്സരത്തില്‍ മെസ്സിയുടെ ടീമായ പി എസ് ജി അനായാസ വിജയം നേടി. എവേ മത്സരത്തില്‍ റെംസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്. പി എസ് ജി വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉള്ള എമ്ബപ്പെ ആണ് ഇരട്ട ഗോളുകളുമായി പി എസ് ജിയുടെ ഇന്നത്തെ വിജയശില്പി ആയത്.

മെസ്സിയെ ബെഞ്ചില്‍ ഇരുത്തി നെയ്മറിനെയും എമ്ബപ്പെയെയും ഡി മറിയയെയും അറ്റാക്കില്‍ ഇറക്കി ആയിരുന്നു പി എസ് ജി ഇറങ്ങിയത്. 16ആം മിനുട്ടില്‍ ഒരു ഡിമറിയ ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു എമ്ബപ്പെയുടെ ഗോള്‍. രണ്ടാം പകുതിയില്‍ 64ആം മിനുട്ടിലാണ് എമ്ബപ്പെ തന്റെ രണ്ടാം ഗോള്‍ നേടിയത്. ഇത്തവണ വലതു വിങ്ങില്‍ നിന്ന് റൈറ്റ് ബാക്ക് അഷ്റഫ് ഹകിമി നല്‍കിയ ലോ ക്രോസില്‍ നിന്നായിരുന്നു എമ്ബപ്പെയുടെ ഫിനിഷ്. രണ്ടാം ഗോള്‍ പിറന്നതിനു പിന്നാലെ ആയിരുന്നു മെസ്സി സബ്ബായി കളത്തില്‍ എത്തിയത്.

66ആം മിനുട്ടില്‍ നെയ്മറിന് പകരക്കാരനായാണ് മെസ്സി ഇറങ്ങിയത്. മെസ്സിക്ക് സ്റ്റേഡിയത്തിലെ ആരാധകരില്‍ നിന്ന് വലിയ ആരവമാണ് ലഭിച്ചത്. കളത്തില്‍ മികച്ച ടച്ചുകളുമായി മെസ്സി തന്റെ അരങ്ങേറ്റം സുന്ദരമാക്കി. പി എസ് ജിയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. 12 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ് അവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News