അമ്മ പോയി, അച്ഛന്‍ അറസ്റ്റിലും; നൊമ്പരമായി നാലു വയസുകാരന്‍

മേപ്പാടി: അമ്മ കൊല്ലപ്പെട്ടു കിടക്കുമ്പോള്‍ ഉച്ചത്തില്‍ കരയുകയായിരുന്നു ആ നാലു വയസുകാരന്‍. അവനെയുംകൊണ്ട് ധിറുതിയില്‍ സ്ഥലംവിടാനുള്ള പിതാവിന്റെ നീക്കമാണ് ആ കൊലപാതക വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. കുന്നമ്പറ്റയിലെ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ കാപ്പി പറിക്കുന്ന ജോലിക്കെത്തിയ നേപ്പാള്‍ സ്വദേശിനി വിമല (28) കാപ്പിക്കളത്തിനോടു ചേര്‍ന്ന കെട്ടിടത്തിനുള്ളില്‍ തലക്കടിയേറ്റു മരിച്ച സംഭവം കുന്നമ്ബറ്റയെ ഞെട്ടിച്ചു. ഭര്‍ത്താവ് സാലിവന്‍ ജാഗിരിയാണ് ക്രൂരകൃത്യം ചെയ്തത്.

അമ്മ കൊല്ലപ്പെടുകയും പിതാവ് പൊലീസ് പിടിയിലാവുകയും ചെയ്തതോടെ ഇവരുടെ നാലു വയസ്സുകാരന്‍ മകന്‍ നൊമ്ബരക്കാഴ്ചയായി. മരിച്ച യുവതിയുടെ അമ്മാവന്‍ കല്‍പറ്റ കോഫി ബോര്‍ഡില്‍ വാച്ചറായി ജോലി ചെയ്യുന്നുണ്ട്. സ്ഥലത്തെത്തിയ ഇയാള്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ചു. ആ ഉറപ്പില്‍ പൊലീസ് കുട്ടിയെ അമ്മാവനൊപ്പം അയക്കുകയായിരുന്നു.

മൂന്നുദിവസം മുമ്പ് കുന്നമ്പറ്റയിലെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തും മുമ്പ് ദമ്ബതികള്‍ മീനങ്ങാടിയില്‍ കാപ്പി പറിക്കുന്ന ജോലി ചെയ്തിരുന്നു. ഇരുവരുടെയും ബന്ധുക്കള്‍ വയനാട്ടില്‍ വിവിധ തോട്ടങ്ങളില്‍ ജോലി ചെയ്തുവരുന്നുണ്ട്. ചിലര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുമുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനമെന്തെന്ന് അറിവായിട്ടില്ല. തലക്കടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തൂമ്ബ മൃതദേഹത്തിനടുത്തുതന്നെ കിടക്കുന്നുണ്ട്. തറയില്‍ രക്തം തളംകെട്ടിക്കിടക്കുന്നുമുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ജില്ല പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, കല്‍പറ്റ ഡി.വൈ.എസ്.പി എം.ഡി. സുനില്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News