KeralaNews

ആർത്തവാവധിയും പ്രസവാവധിയും എല്ലാ സർവകലാശാലകളിലും; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.

വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടെങ്കിൽ പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകും എന്നതിനാലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button